മിയാവാക്കി മാതൃക എന്നു പറയുന്നത് പെട്ടെന്ന് ഒരു സ്ഥലത്ത് കാടു വളർത്താനുള്ള ഒരു മാതൃക പ്രൊഫസർ അകിര മിയാവാക്കി വികസിപ്പിച്ചെടുത്തതാണ്. ഇതിനെത്തന്നെ പലതരത്തിൽ നമുക്ക് ഉപയോഗിക്കാം. വീടിനടുത്ത് തന്നെ പച്ചക്കറിത്തോട്ടവും, പഴത്തോട്ടവും ഉണ്ടാക്കാൻ ഇത് ഉപയോഗിക്കാമെന്ന് പല തവണ ഞാൻ പറഞ്ഞിട്ടുണ്ട്. ഇത് വളരെ രസകരമായി ചെയ്യുന്ന പല ആളുകളെയും കണ്ടു. എന്റെ അടുക്കൽ മിയാവാക്കിയെക്കുറിച്ച് മനസ്സിലാക്കാൻ വന്ന ഒരാളാണ് ശ്രീ അജിത്ത് കുമാർ. കിളിമാനൂർ സ്വദേശിയായ അദ്ദേഹം ഐഎസ്ആർഒയിലെ ഒരു ഉദ്യോഗസ്ഥനാണ്.

അദ്ദേഹത്തിന്റെ വിഷയം ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ആണ്. എല്ലാത്തിനെയും നൂതന ആശയങ്ങളിലൂടെ കാണുന്ന അദ്ദേഹം വളരെ ചെലവ് കുറഞ്ഞ രീതിയിൽ അതൊക്കെ നടപ്പിലാക്കുകയും ചെയ്യുന്നതിൽ മിടുക്കനായ ഒരു ആളാണ്. അദ്ദേഹത്തെക്കുറിച്ച് മനസ്സിലാക്കാൻ അദ്ദേഹം ചെയ്തിരിക്കുന്ന ഒന്നു രണ്ടു കാര്യങ്ങൾ കാണിക്കാം. അതിനുശേഷം മിയാവാക്കിയിൽ അദ്ദേഹം എന്താണ് ചെയ്തിരിക്കുന്നതെന്നു പറയാം. അദ്ദേഹത്തിന്റെ വീടിന്റെ ഒരു ഭാഗമാണിത്. ഇവിടെ കുഴൽ പോലെ കാണുന്നത് ഒരു സോളാർ ടണലാണ്. സോളാർ ടണൽ ലൈറ്റിംഗ് എന്നാണ് ഇതിന് പറയുന്നത്. ഇത് റെഡിമെയ്ഡ് ആയി വാങ്ങിക്കാൻ കിട്ടും, ഉണ്ടാക്കിയെടുക്കാനും കിട്ടും. ടണലിലൂടെ സൂര്യപ്രകാശത്തെ മുറിയിലേയ്ക്ക് കൊണ്ടുവരികയാണ്. ഇത് മുറിയിലേയ്ക്ക് കൊണ്ടുവരുന്നതു കൊണ്ട് കുറെ ഗുണങ്ങളുണ്ട്. ഫ്ലക്ച്ചുവേഷൻ ഇല്ലാത്ത ലൈറ്റിംഗ് ആണിത്. സാധാരണ ഗതിയിൽ എസി കറന്റും ഡിസി കറന്റും തമ്മിലൊരു വ്യത്യാസമുണ്ട്. എസിയിൽ പോസിറ്റീവും, നെഗറ്റീവും മാറിക്കൊണ്ടിരിക്കും, ഡിസിയിൽ ഇത് സ്ഥിരമാണ്. എന്നതുപോലെ സൂര്യന്റെ വെളിച്ചം സ്ഥിരമായ ഒന്നാണ്. അതിന് മാറ്റമില്ല, ഇലക്ട്രിക്കൽ ലൈറ്റിന് ആ ഒരു കൃത്യത കിട്ടില്ല. കൃത്യത വേണ്ട ജോലികൾക്ക് ഈ ലൈറ്റാണ് നല്ലെതെന്നാണ് പറയുന്നത്. അദ്ദേഹം വളരെ യാദൃശ്ചികമായിട്ട് ഇത് മനസ്സിലാക്കുകയും പിന്നെ അതെങ്ങനെ ഉപയോഗിക്കണം എന്ന് നോക്കുകയും അതിന്റെ മാർഗ്ഗങ്ങളെക്കുറിച്ച് പലരോടും സംസാരിച്ച് പല ഭാഗങ്ങളും സ്വയം ഡെവലപ്പ് ചെയ്തെടുത്തതാണിത്.

അദ്ദേഹം പറഞ്ഞ ഒരു കാര്യം പ്രകാശത്തിന്റെ തീവ്രത അളക്കുന്നത് ലക്സ് എന്ന യൂണിറ്റ് ഉപയോഗിച്ചാണ്. നമ്മുടെ മുറിയിൽ ഉപയോഗിക്കുന്ന ലൈറ്റുകളുടെ ഇന്റൻസിറ്റി എന്നു പറയുന്നത് 300-350 ലക്സ് ആണ്. അതിൽ കൂടുതൽ പ്രകാശത്തിന്റെ ഇന്റൻസിറ്റി കൂടണമെങ്കിൽ ഒന്നുകിൽ ഒന്നിലധികം ലൈറ്റ് കൊടുക്കണം അല്ലെങ്കിൽ ആ ലൈററുകള് താഴ്ത്തി കൊടുക്കണം. ഇല്ലെങ്കിൽ പ്രകാശം ഇത്രയേ കാണുകയുള്ളു. അതേസമയം നട്ടുച്ചനേരത്ത് നല്ല വെയിലുള്ള സമയത്ത് ഒരു ലക്ഷം വരെ ഉയർന്നു പോകും. സൂര്യൻ ഉദിക്കുന്നതിനു മുന്നേ വെളിച്ചം വീഴുന്ന സമയത്ത് തന്നെ 300-350 ലക്സ് ആണ്. 7-8 മണിക്ക് നന്നായിട്ട് സൂര്യൻ ഉദിച്ചുവരുന്ന സമയത്ത് 30000 ലക്സിലേക്ക് പോകും. പിന്നെ വെളിച്ചമുള്ള ദിവസം ആണേൽ 1 ലക്ഷം വരെ പോകാം. ആ വെളിച്ചത്തിന്റെ ഒരു ഭാഗം ഈ ടണൽ ഉപയോഗിച്ച് മുറിയിലേയ്ക്ക് എത്തിക്കുക. അങ്ങനെ എത്തിച്ചാലുള്ള പ്രയോജനം ഒന്ന് ചൂടില്ലാത്ത വെളിച്ചമായിരിക്കും നമുക്ക് കിട്ടുന്നത്. പ്രകാശം മാത്രം ആയിരിക്കും വരുന്നത് അതിനൊപ്പമുള്ള ചൂട് മുറിയിലേയ്ക്ക് വരില്ല. എയർ കണ്ടീഷൻ മുറിയിലേക്കാണ് ഇത് ഉപയോഗിച്ച് പ്രകാശ ക്രമീകരണം നടത്തുന്നതെങ്കിൽ ആ എയർകണ്ടീഷൻ എത്ര ചൂടാണോ ഉള്ളത് അത്രയും ചൂടായിരിക്കും മുറിയിലും ഉള്ളത്.

രണ്ടാമതായി ആൾട്ടർനേറ്റ് കറന്റിലുണ്ടാകുന്ന ഫ്ലിക്കറിംഗ് ഒരു സെക്കന്റിൽ 50 തവണ അതിന്റെ ആൾട്ടറേഷൻ സംഭവിക്കുന്നത് ഇവിടെ സംഭവിക്കുന്നില്ല. സാധാരണ സംഭവിക്കുമ്പോ അതിന്റെ വേഗത കൂടുതൽ ആയതുകൊണ്ട് നമ്മുടെ കണ്ണിന് കണ്ടുപിടിക്കാൻ കഴിയില്ല. പക്ഷെ നമ്മൾ വസ്തുക്കളെ കാണുമ്പോ നമ്മുടെ കാഴ്ചയെ അത് ബാധിക്കും. ഉദാഹരണത്തിന് തുണിക്കടയിൽ തുണി എടുക്കുമ്പോൾ അത് പുറത്തു കൊണ്ട്പോയി വെയിലത്ത് വച്ച് നോക്കുന്നത് ഈ ഫ്ലിക്കറിംഗ് സംഭവിക്കുന്നത് കൊണ്ടാണ്. എന്നാൽ ഡയറക്ട് കറന്റ് ഇപ്പോ ബാറ്ററി ഉപയോഗിച്ചുള്ളതാണെങ്കിൽ ആ വ്യത്യാസം വരില്ല. ഇവിടെ അതിനു സമാനമായ വെളിച്ചമാണ് സൂര്യനിൽ നിന്ന് കിട്ടുന്നത്. അതുകൊണ്ട് തന്നെ വളരെ കൃത്യമായിട്ട് തന്നെ വസ്തുക്കളുടെ നിറം കാണാൻ പറ്റും.

ക്വാളിറ്റി ചെക്ക് പോലുള്ള വളരെ സൂക്ഷ്മമായ ജോലികൾ, വളരെ പ്രകാശം ആവശ്യമുള്ള ജോലികളിൽ ഇതുപയോഗിച്ചാണ് മുറി ലൈറ്റ് ചെയ്യുന്നതെങ്കിൽ ഈ പറയുന്ന പ്ലസ് പോയിന്റ് ഉണ്ടാകും. ഇതിനൊക്കെ പുറമെ മുറിക്കുള്ളിൽ ചെടികൾ വച്ചു പിടിപ്പിക്കണമെങ്കിൽ സൂര്യപ്രകാശം വേണം. ചെടികൾ വളരണമെങ്കിൽ സൂര്യപ്രകാശം വേണം. ഇപ്പോൾ വയസ്സായ ആളുകളാണ് പുറത്തൊന്നും പോകാൻ വയ്യ, കുറച്ച് ചെടികൾ വീടിനകത്ത് തന്നെ വയ്ക്കണമെങ്കിൽ ഈ മാർഗത്തിലൂടെ സൂര്യപ്രകാശം മുറിയിലേയ്ക്ക് കൊണ്ടുവന്നാൽ ആ ചെടികൾ മുറിക്കുള്ളിൽ തന്നെ വളരാനുള്ള സാധ്യത കൂടുതലാണ്. ഇതിന് വേണ്ടിവരുന്നത് ഒരു കുഴലാണ്. അത് ഒന്നുകിൽ ഒരു പിവിസി പൈപ്പിൽ വെളിച്ചം പ്രതിഫലിപ്പിക്കുന്ന പ്രതലം - നമ്മുടെ പഴയ സിഗരറ്റിലൊക്കെ വരുന്ന ഈയ കടലാസ് പോലുള്ള സാധനം ഒട്ടിച്ചാൽ വെളിച്ചം വരും.
ഇലക്ട്രോലൈറ്റ് ചെയ്ത് കുറച്ച് കൂടി മെച്ചപ്പെട്ട സർഫസ് ആക്കുകയാണെങ്കിൽ അതിന് കുറച്ചുകൂടി തീവ്രത കൂടും. അതുപോലെ ഈ കുഴലിന്റെ താഴെ പ്രകാശം പരത്തി വീഴിക്കാൻ ഒരു ഡിഫ്യൂസറും മുകളിൽ ഒരു ഡോമും കണക്ട് ചെയ്താൽ പുറത്ത് നിന്നു വെളിച്ചം ഉള്ളിലേയ്ക്ക് വരും. കേരളത്തിൽ കിഴക്കു നിന്നും പടിഞ്ഞാറാണ് സൂര്യൻ പോകുന്നത് തെക്കുവശത്തു കൂടിയാണ് പോകുന്നത്. നേരെ മുകളിലേയ്ക്കു പോകുന്നത് കുറച്ച് രാവിലെ മാത്രമാണ്. അങ്ങനെപോകുന്ന സമയത്ത് തെക്കുവശത്ത് നിന്നാണ് വെളിച്ചം വീഴാനുള്ള സാധ്യത. അപ്പോ ഡോം അൽപം തെക്കു ഭാഗത്തേയക്ക് ചരിച്ചു കൊടുക്കുകയാണെങ്കിൽ വെളിച്ചം കൂടുതൽ മെച്ചപ്പെട്ട രീതിയൽ കിട്ടാനുള്ള സാധ്യത കൂടുതലാണ്.

കേരളം പോലുള്ള സ്ഥലങ്ങളിൽ ആണ്ടിൽ 100 ദിവസമെങ്കിലും മഴ പെയ്യുന്ന പ്രദേശമാണ്. മഴക്കാലത്ത് നമുക്ക് സോളാർ എനർജി പൂർണ്ണമായും കിട്ടില്ല. സൂര്യനെ പുറത്ത് കാണുന്നത് കുറവായിരിക്കും. സൗരോർജ ഉത്പാദനം കുറവായിരിക്കും. അതുപോലെ രാത്രികാലത്ത് സൂര്യന്റെ എനർജി കിട്ടില്ല. പകൽ മാത്രമേ കിട്ടുകയുള്ളു. അങ്ങനെയുള്ള സമയം സൂര്യനിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനെ ഒന്ന് പോഷിപ്പിക്കാനായി കൂട്ടത്തിൽ പിടിപ്പിക്കാവുന്ന വിന്റ് മിൽ ആണിത്.

സ്ക്രൂ പോലുള്ള പ്രത്യേക ആകൃതിയാണ് ഇതിന് കൊടുത്തിരിക്കുന്നത്. ആ ആകൃതി കൊടുക്കാനുള്ള കാരണം ഇത് എവിടെനിന്നു കാറ്റു വന്നാലും കറങ്ങും. കിഴക്കു നിന്ന് പടിഞ്ഞാറോട്ടു കാറ്റു വീശിയാലും, പടിഞ്ഞാറു നിന്നു കിഴക്കോട്ടു കാറ്റു വീശിയാലും ഈ സ്ക്രൂ കറങ്ങുന്നത് അത് ഫിക്സ് ചെയ്തിരിക്കുന്ന ദിശയുണ്ട് ആ ദിശയിലായിരിക്കും അത് കറങ്ങുക. അതോടൊപ്പം വൈദ്യുതി ഉത്പാദനം നടക്കുകയും ചെയ്യും. ഇത് കണ്ടാൽ തുണിപോലെ തോന്നും പക്ഷെ മെറ്റലാണ്. ഇതിന്റെ മുകളിൽ മഴ നനയാതിരിക്കാനായി കൊടുത്തിരിക്കുന്ന മേൽക്കൂര സോളാർ പാനലുകളാണ്.

സോളാറും വിന്റും കൂട്ടി ചേർത്തിരിക്കുകയാണ്, ഹൈബ്രിഡ് മെക്കാനിസമാണ്. നമുക്ക് ഒരു മഴയോ മറ്റോ വന്നാൽ അതിനോടൊപ്പം കാറ്റും വരും. രണ്ടു കിലോമീറ്റർ വേഗതയിൽ ഉള്ള കാറ്റ് വീശിയാൽ പോലും ഇത് കറങ്ങി തുടങ്ങും. കറക്കത്തിലൂടെ കിട്ടുന്ന എനർജി സൂര്യന്റെ എനർജിയെ സപ്ലിമെന്റ് ചെയ്യുകയാണ്. രണ്ടും യൂണിറ്റുകളും വൈദ്യുതി ഉണ്ടാക്കുന്നുണ്ട്. ഇത് രണ്ടുംകൂടി കൂട്ടിയാണ് വൈദ്യുതി കിട്ടുന്നത്. കേരളം പോലുള്ള സ്ഥലങ്ങളിൽ അല്ലെങ്കിൽ ഉയരമുളള സ്ഥലങ്ങളിൽ അല്ലെങ്കിൽ മഴ ഒരുപാട് ഉള്ള സ്ഥലങ്ങളിൽ ഇങ്ങനെ ചെറിയ തോതിലുള്ള വിന്റ് മിൽ യൂണിറ്റ് ഉണ്ടെങ്കിൽ വൈദ്യുതി ഉത്പാദനം വർദ്ധിപ്പിക്കാൻ അത് സഹായകമാവും.

തായ്ലന്റിലും മറ്റും കൃഷിക്കു പന്തലിടുന്നത് ടെലിവിഷനിൽ കണ്ടിട്ട് ആ മാതൃക ഇവിടെ പരീക്ഷിച്ചു നോക്കുകയാണ്. സാധാരണഗതിയിൽ 3 മീറ്റർ വീതിയുള്ള ഒരു സ്ഥലത്ത് പന്തലിട്ടാൽ അതിന്റെ ആകാശത്ത് 3 മീറ്റർ വീതിയാണ് കിട്ടുന്നത്. അതിനു പകരം ഇവിടെ ഉപയോഗ ശ്യൂന്യമായി കിടക്കുന്ന ഒരു സ്ഥലം അതായത് തെങ്ങു നട്ടിരിക്കുന്ന രണ്ടു പണകളാണ്. അതിനടിയ്ക്ക് വെള്ളം നിൽക്കുന്ന ഒരു ഭാഗമുണ്ട്, അവിടെ ഒന്നും ചെയ്യാനൊക്കുകയില്ല, അതിന് അദേഹം ചെയ്തിരിക്കുന്നത് രണ്ടു പണകളെ തമ്മിൽ ബന്ധിപ്പിച്ചു കൊണ്ട്, മൂന്നുമീറ്ററാണ് അവ തമ്മിലുള്ള അകലം അവിടെ അദ്ദേഹം റ ആകൃതിയിൽ അർദ്ധവൃത്താകൃതിയിൽ ഒരു പൈപ്പ് വളച്ചുപിടിപ്പിച്ചു. 2 ഇഞ്ച് കട്ടിയുള്ള സ്ക്വയർ പൈപ്പാണ്. 4 മീറ്റർ അകലം വിട്ട് റ ആകൃതിയിൽ കുറെ അർദ്ധവൃത്താകൃതിയിലുള്ള വളയങ്ങൾ സ്ഥാപിച്ച ശേഷം അവ തമ്മിൽ ജി ഐ കമ്പി ഉപയോഗിച്ച് ബന്ധിപ്പിച്ചു. ഈ പൈപ്പിൽ ഒരു സ്ക്രൂ ഫിറ്റ് ചെയ്തു നട്ടും ബോൾട്ടും ഉറപ്പിച്ചിരിക്കുകയാണ്. അതിൽ ഈ കമ്പിയുടെ ഒരു അറ്റം പിടിപ്പിക്കും എന്നിട്ട് അടുത്ത കമ്പിയിൽ അതേ സ്ഥലത്ത് വേറെ ഒരു നട്ട് കൊടുക്കും. അവിടെ ഇത് വലിച്ചു ചുറ്റും. അങ്ങനെ ഒരു അറ്റം മുതൽ മറ്റേയറ്റം വരെ ഈ കമ്പി വലിച്ചു ചുറ്റിയിരിക്കുകയാണ്. എന്നിട്ട് ഇത് ടൈറ്റ് ചെയ്യും. അവസാനഭാഗം നിലത്ത് ഉറപ്പിച്ചിരിക്കുകയാണ്. അതിന്റെ ബലത്തിലാണ് പന്തൽ നിൽക്കുന്നത്. ഇതിന് 7 കമ്പികളാണ്, രണ്ടു വശത്തുമായി 3 വീതം കമ്പികളും, മുകളിൽ 1 കമ്പിയും അങ്ങനെ ഏഴ് കമ്പികളാണ് മൊത്തത്തിൽ കുറുകെ കൊടുത്തിരിക്കുന്നത്.

ഇതിന്റെ ഗുണം എന്താന്നു വച്ചാൽ സാധാരണ മൂന്നുമീറ്റർ വീതിയുള്ള സ്ഥലമാണെങ്കിലും ഇവിടെ ഇങ്ങനെ ചെയ്തിരിക്കുന്നതിനാൽ അഞ്ചര മീറ്ററാണ് ഈ പന്തലിന്റെ വിസ്തീർണ്ണം. അത്രയുമധികം സ്ഥലം കിട്ടും. കേരളത്തിൽ എല്ലാക്കാലത്തും പിടിക്കുന്ന സാധനമാണ് പാഷൻ ഫ്രൂട്ട്, വെയിലുള്ള കാലത്തൊക്കെ കായ് കിട്ടും, ഏഴെട്ട് മാസം വരെ വരുമാനം കിട്ടാവുന്ന വിളയാണ്. അത് വച്ച്പിടിപ്പിച്ചിരിക്കുകയാണ്. കമ്പികൾക്കിടയിൽ സാധാരണ നൈലോൺ വലയാണ് കെട്ടിയിരിക്കുന്നത്. ആ വല ചുടാകില്ല. ചെടിയുടെ വള്ളി അതിൽ കയറിയാലും വലിയ ചൂട് ഇതിൽ നിന്ന് അടിക്കില്ല. അത് വച്ച് ഒരറ്റം മുതൽ മറ്റേ അറ്റം വരെ പന്തിലിട്ടിരിക്കുന്നു. പാഷൻ ഫ്രൂട്ട് മാത്രമല്ല മറ്റ് ഉത്പന്നങ്ങൾ പാവലോ പടവലോ ഒക്കെ ഈ പന്തലിൽ വളർത്താൻ കഴിയും. പറമ്പിനിടയിൽ ഇങ്ങനെ ഒരു ഗുഹ പോലെ നിൽക്കുന്നതു കാണാനും ഒരു ചേലാണ്. ഒരു വഴിപോലെ തെങ്ങുംതോപ്പിലോ വേറെ ഏതെലും സ്ഥലത്തോ കൊടുക്കണമെങ്കിൽ അതിനും കൊള്ളാം. ഇതിന്റെ ബലത്തെ കുറിച്ച് വേറെ ഒരു സംശയവും വേണ്ട ഇതിന് ബലം ഉണ്ട് എന്നുള്ളത് ബോധ്യപ്പെടുത്തി കിട്ടും. ഇത് നമുക്ക് പരീക്ഷിക്കാവുന്ന ഒരു മാർഗ്ഗമാണ്.

സാധാരണ നമ്മുടെ കർഷകർ ചെയ്യുന്നത് മോണോക്രോപ്പ് ആണ് - ഏകവിള എന്ന സങ്കൽപ്പത്തിലാണ് നടുന്നത്. തെങ്ങുനടുന്ന പറമ്പിൽ തെങ്ങു മാത്രം നടും, റബ്ബർ നടുന്നിടത്ത് റബ്ബർ മാത്രം നടും. വാഴ നടുന്നിടത്ത് വാഴ മാത്രം നടും. ഒരു കാറ്റു വീണാൽ വാഴ മൊത്തം പോയെന്നിരിക്കും. അല്ലെങ്കിൽ തെങ്ങിനെ മുഴുവൻ ചെല്ലി കുത്തിപോകാം, അല്ലെങ്കിൽ റബ്ബറു മുഴുവൻ കാറ്റത്ത് ഒടിഞ്ഞുപോകാം. ഇങ്ങനെ പല പ്രശ്നങ്ങൾ വരാം. റബ്ബർ ആണെങ്കിൽ ആറേഴ് വർഷത്തേയ്ക്ക് ഒരു വരുമാനവും കിട്ടില്ല. ഇദ്ദേഹം സ്വന്തമായി ഒരു രീതി വികസിപ്പിച്ചെടുത്തു.

ഇസ്രയേലിലെല്ലാം ഹൈ-ഡെൻസിറ്റി കൃഷിരീതി ഉണ്ട്. അതായത് ഒരു ഏക്കറിൽ തന്നെ ആയിരത്തോളം മാവിൻതൈകൾ നടും. എന്നിട്ട് മാവിന്റെ ഉയരം ഏഴടിയിൽ മാത്രം നിര്ത്തും. അതിനു മുകളിൽ വെട്ടിക്കളയും. ഒരു മാവിൽ പരമാവധി 60 മാങ്ങ അതിൽ കൂടുതൽ ഉണ്ടാകാൻ സമ്മതിക്കില്ല. ഒരു കുലയിൽ 1 മാങ്ങ ആയിരിക്കും അപ്പോൾ ആ മാങ്ങ മാക്സിമം വളരും. മൂന്ന് മാങ്ങ എടുത്താൽ ഒരു കിലോ മാങ്ങ കിട്ടും. അങ്ങനെ ആണെങ്കിൽ 60 മാങ്ങ വച്ച് ആയിരം മാവ് 60,000 മാങ്ങ കിട്ടണം. 60,000 മാങ്ങ, 3 എണ്ണം 1 കിലോ ആണെങ്കിൽ 20 ടൺ മാങ്ങ കിട്ടണം. രണ്ടായിരം മാങ്ങ കിട്ടിയാൽ പോലും ലാഭമാണ്. 100-130 രൂപ വിലയുള്ള മാങ്ങ ഇനങ്ങൾ ധാരാളമുണ്ട്. 2000 ആണെങ്കിൽ പോലും 2-3 ലക്ഷം രൂപ മാങ്ങയിൽ നിന്ന് കിട്ടാം. മേലോട്ട് ശാസ്ത്രീയമായി പോയാൽ ഇത്രവരെ കിട്ടാം.

സാധാരണ ഒരു സ്ഥലത്ത് ഒരേക്കറിൽ എഴുപത് തെങ്ങ് കർഷകർ വയ്ക്കുന്ന സ്ഥാനത്ത് അദ്ദേഹം 35 തെങ്ങുകളേ വച്ചുള്ളു. തെങ്ങുകൾ തമ്മിലുള്ള അകലം ഇരട്ടിയാക്കി. എന്നു മാത്രമല്ല ഒന്നിടവിട്ടുള്ള സ്ഥലങ്ങളിലാക്കി തെങ്ങ്. അതായത് ഇവിടെ രണ്ട് തെങ്ങുകൾ തമ്മിലുള്ള അകലം കൂട്ടിയപ്പോൾ ഇതിന്റെ മധ്യഭാഗത്ത് അടുത്ത പണയിൽ ഒരു തെങ്ങ്. നേർവരിയായി അല്ല ഒരു സിഗ്സാഗ് രീതിയിലാണ് തെങ്ങ് നിൽക്കുന്നത്. ഇങ്ങെനെ തെങ്ങുകൾ തമ്മിലുള്ള അകലം കൂട്ടിയിട്ട് അതിനിടയിൽ സാധാരണ ആയിരം മാവ് ആണല്ലോ, അദ്ദേഹം തെങ്ങ് ഉള്ളതു കൊണ്ട് 500 മാവുകൾ ആണ് വച്ചിരിക്കുന്നത്. അപ്പോ തെങ്ങ് അതിനൊപ്പം മാവ് എന്നിട്ട് വീണ്ടും അതിനിടയിലുള്ള സ്ഥലത്ത് മാവുകൾ വലുതായി വരുന്ന സമയത്തേയ്ക്ക് വാഴ വച്ചിരിക്കുകയാണ്. രണ്ട് റൗണ്ട് വാഴ. ആദ്യത്തെത് കുലയ്ക്കാറായപ്പോ അടുത്ത റൗണ്ട് വാഴയും വച്ചു. അപ്പോ ഒരുതരത്തിൽ മിയാവാക്കി ചെയ്യുന്ന മാതൃകയിൽ അദ്ദേഹം പറമ്പിനെ മുഴുവനായി ചെടികൾ കൊണ്ടുനിറച്ചു.

അതുപോലെ തന്നെ ഈ പറമ്പ് മുഴുവൻ വൻതോതിലുള്ള വളപ്രയോഗം നടത്തി. ജൈവവളം ധാരാളമായിട്ട് ഇട്ടിട്ട് അതിന്റെ പുറത്താണ് ഇതിനെ നട്ടിരിക്കുന്നത്. അതുകൊണ്ടാണ് ഇവയെല്ലാം വളരെ പെട്ടെന്ന് കയറി വരുന്നത്. പിന്നിട് അവശേഷിക്കുന്ന സ്ഥലത്ത് വിവിധതരം പച്ചക്കറികൾ നട്ടു. ആ പച്ചക്കറികൾക്കു പുറമെ വേലിയിൽ പാഷൻ ഫ്രൂട്ട് വളർത്തി. ഇതു കൂടാതെ കീടങ്ങൾ വരാതിരിക്കാനായിട്ട് ജമന്തിയും ധാരാളമായി നട്ടിട്ടുണ്ട്. ഇതെല്ലാം കൂടിചേർന്ന് പറമ്പിൽ പലതര വിളകൾ ഒരുമിച്ച് വളരുന്ന രീതിയാക്കി എടുത്തു. ഇനിയും ഇതിനിടയിലുള്ള സ്ഥലത്ത് എന്തു ചെയ്യാം എന്നാണ് അദ്ദേഹം ആലോചിക്കുന്നത്. ഉദാഹരണത്തിന് പ്ലാവ് ഇതുപോലെ തന്നെ നടാം. അങ്ങനെ അദ്ദേഹം പ്ലാവ് മാത്രമായി ഒരു സ്ഥലത്ത് നട്ടു. അത് അദ്ദേഹം മിയാവാക്കിയെ കുറിച്ച് കേൾക്കുന്നതിനു മുമ്പേ ചെയ്തതാണ്. അവ കായ്ച്ചു തുടങ്ങി. രണ്ടുവർഷം കൊണ്ട് കായ്ക്കുന്ന വിയറ്റ്നാം പ്ലാവുകളാണ്.

ഒരു പ്ലാവിലെ ഒരു ചക്ക ഏകദേശം 80 കിലോ ഉണ്ട്. അങ്ങനെ ഉള്ള 8-10 ചക്ക വരെ സീസണാകുമ്പോ ഒരു പ്ലാവിലുണ്ടാകും. 10 ചക്ക എന്നു പറയുമ്പോ 800 കിലോ ആണ് ഒരു പ്ലാവിൽ നിന്ന് ഉണ്ടാകുന്നത്. അപ്പോൾ 3000 പ്ലാവ് ഉണ്ടെങ്കിൽ എത്ര കിലോ ചക്ക കിട്ടും. ഈ ചക്കയെല്ലാം എന്തു ചെയ്യും എന്നുള്ളതാണ് അടുത്ത ചോദ്യം ഈ ചക്ക നമ്മുടെ നാട്ടിൽ പഴമായി വിൽക്കാൻ പറ്റും അല്ലെങ്കിൽ ചക്കപ്പൊടിയോ ചക്കയിൽ നിന്ന് മൂല്യവർദ്ധിത ഉത്പന്നങ്ങളോ ഉണ്ടാക്കുകയോ മറ്റോ ചെയ്യാം. പ്ലാവുകൾ ഇടയ്ക്ക് വച്ചുപോയതു കൊണ്ട് അതിനിടയ്ക്ക് കറിവേപ്പു പോലുള്ള സാധനങ്ങൾ വച്ചു പിടിപ്പിക്കുന്ന സംഗതി അദ്ദേഹം ആലോചിച്ചു കൊണ്ടിരിക്കുകയാണ്. കാരണം ഇത് പ്ലാവിന്റെ തോട്ടമായി നിർത്തുന്നത് ഏകവിള സങ്കൽപ്പത്തിൽ അദ്ദേഹം ആദ്യം ചെയ്തതു കൊണ്ടാണ്. ഇതുപോലെ ധാരാളം വളം ഇട്ട് ചെയ്തതാണ്. ഇടയ്ക്ക് മറ്റ് ചെടികൾ കൂടി വച്ചു കഴിഞ്ഞാൽ ബഹുവിളയായി മാറും. ഇവിടെ റെയിൻ ഹൗസ് ഉപയോഗിച്ച് വെള്ളം കൊടുക്കുകയാണ്. ഡ്രിപ്പ് ഇറിഗേഷനാണെങ്കിൽ ചെടിയുടെ ചുവട്ടിൽ മാത്രമാകും. റെയ്ൻ ഹൗസ് ആയതിനാൽ പറമ്പ് മൊത്തത്തിൽ നനയും. എല്ലായിടത്തും വളവും ഉള്ളതിനാൽ ചെടിയുടെ വേര് ഉള്ളിടത്തെല്ലാം പോകുകയും ചെടികൾ നന്നായി വളരുകയും ചെയ്യും.