ആളുകൾ സ്ഥിരമായി ചോദിക്കുന്ന ചോദ്യമാണ് മരങ്ങളുളള സ്ഥലത്ത് കാട് വെക്കാമോ എന്ന്. എല്ലാവരുടെയും പറമ്പിൽ എന്തെങ്കിലുമൊക്കെ മരം കാണും. അതിനടിയിൽ മിയാവാക്കി കാട് വെച്ചാൽ ശരിയാവുമോ എന്നുളള സ്വാഭാവികമായ സംശയം വരും. അതിന് ഞങ്ങളൊരു സാമ്പിൾ കാണിക്കാം.

നേരത്തേ കുറച്ചു മരങ്ങൾ നിന്ന സ്ഥലമാണിത്. കുറച്ചു മരങ്ങളെന്നു പറഞ്ഞാൽ ചൂണ്ടപ്പന - പല സ്ഥലത്ത് പല പേരാണിതിന്. ആനയ്ക്ക് കൊടുക്കുന്നതും കവാടം അലങ്കരിക്കാനൊക്കെ ഉപയോഗിക്കുന്ന പന - തിരുവനന്തപുരം ഭാഗത്തിതിനെ ഒലട്ടി എന്നാണ് പറയുന്നത്. അതാണിവിടെ നിന്നിരുന്നത്. പിന്നൊരു മഹാഗണി ഉണ്ടായിരുന്നു. മഹാഗണിയെ വെട്ടിക്കളയേണ്ടിവന്നു. ബാക്കി അവിടെയൊരു ട്യൂബ് റോസ്, അശോകം, കറിവേപ്പ്, ചെത്തി ഒക്കെ ഉണ്ടായിരുന്നു. അതിനെയൊക്കെ നമ്മൾ അങ്ങനെതന്നെ നിര്ത്തി. അതിന്റെ ഇല കുറച്ച് കുറച്ചിട്ട് നിർത്തി.

ആ സ്ഥലത്തിന്റെ മാറ്റം കാണിക്കുന്നു, പണ്ടിതിന്റെ അവസ്ഥ എന്തായിരുന്നു എന്നും കാണിക്കുന്നു. അതിനു ശേഷം ആ വശത്ത് മണ്ണുനിറച്ച് നാലുവശവും കെട്ടി. ഇത് ഒരു സെന്റ് സ്ഥലമാണ്. 160 ചെടികളുണ്ട്. നട്ടത് സെപ്റ്റംബർ 8ാം തിയതിയാണ്. റെക്കോർഡ് ചെയ്തത് ഡിസംബർ ഒന്നാം തിയതി ആണ്. മൂന്ന് മാസം തികയാൻ ഒരാഴ്ച്ചയുടെ കുറവ്. അത്രയും സമയം കൊണ്ടുണ്ടായ വളർച്ച നിങ്ങൾക്കു കാണാം. ഈ വളർച്ച ഉണ്ടാകുമ്പോൾ തന്നെ ശ്രദ്ധിക്കേണ്ട കാര്യം, സാധാരണ സ്ഥലങ്ങളിൽ കിട്ടുന്ന പോലെ ഇവിടെ വെയിലില്ല. മൂന്നുവശത്തും നമ്മൾ വെച്ച മരങ്ങളാണ്. ഒരുവശത്ത് റോഡിനപ്പുറം അക്കേഷ്യയും ആഞ്ഞിലിയും ഉണ്ട്. വളരെ കുറച്ചുസമയം മാത്രമാണ് ഇവിടെ വെയിലു കിട്ടുന്നത്. എങ്കിൽപോലും ചെടികൾ നന്നായിട്ട് വളരുന്നുണ്ട്.

പറമ്പിൽ കാട് വെക്കുന്നവർക്കുളള ഒന്നുരണ്ട് പാഠങ്ങളാണ് ഇതിലുളളത്. ഒന്ന് പറമ്പ് അധികം കുഴിക്കാതിരിക്കുക. ഇവിടെ സൈഡ് പൊക്കിക്കെട്ടുകയാണ് ചെയ്തത്. ഇത് പൊങ്ങിയ സ്ഥലമാണ്. അപ്പോൾ കുഴിച്ച് താഴോട്ട് ഇടിഞ്ഞു പോകണ്ട എന്നു കരുതി നമ്മളതിനു ചുറ്റുമുളള മതിലിനെ ഒന്നു ബലപ്പെടുത്തി. അതിനുശേഷം ഇതിനെ രണ്ട് തട്ടായി തിരിച്ചു. കാരണം ഇത് വളരെ ചെരിവുളള സ്ഥലമാണ്. അപ്പോൾ മുകളിലെ ഒരു തട്ടും താഴെ ഒരു തട്ടുമായാൽ വെളളം കുറച്ചുനേരം അവിടെ നിൽക്കും, എന്നിട്ട് താഴത്തെ തട്ടിലേക്ക് ഇറങ്ങിക്കോളും.

ചെടികൾ തെരഞ്ഞെടുത്തപ്പോൾ വീടിനടുത്ത് ആയതുകൊണ്ട് പുറംചുറ്റിൽ കഴിയുന്നതും ഭക്ഷ്യയോഗ്യമായ ചെടികൾ വെച്ചു. പക്ഷികൾ ധാരാളമായിട്ട് വരുന്നൊരു സ്ഥലമാണ്. ശ്രദ്ധിക്കേണ്ട കാര്യം ഇതുപോലുളള പാറയാണ് അവിടെയും. അതിനു മുകളിൽ രണ്ടടി മണ്ണേ ഉളളൂ. ആ ഉളള മണ്ണിലാണ് ഈ സാധനങ്ങൾ നിൽക്കുന്നത്. അതിനിടക്ക് കൂടിയുളള വിടവിലൂടെ ഈ ചെടികളുടെ വേരുകൾ താഴോട്ടു പോകും.
നമുക്ക് വെയിലില്ലെങ്കിലും ഇത്രയും വളർച്ച കിട്ടുന്നുണ്ട്. പ്രത്യേകമായിട്ട് ഒന്നും ചെയ്തിട്ടില്ല. എല്ലാ സ്ഥലത്തും ഇടുന്നതുപോലെ ഒരു സ്ക്വയർ മീറ്ററിൽ 40 കിലോ ചാണകപ്പൊടി, ഇവിടെ ആട്ടിൻകാഷ്ഠമാണ് ഇട്ടിട്ടുളളത്. അതുപോലെതന്നെ 40 കിലോ ചകിരിച്ചോറ്, 20 കിലോ ഉമി. ഇത്രയും സാധനം മണ്ണും കൂടി കൂട്ടി മിക്സ് ചെയ്തിട്ടിട്ട് അതിനകത്താണ് ചെടികൾ വെച്ചിരിക്കുന്നത്.

ഒരു സെന്റ് ആയതുകൊണ്ടും അത് നീളത്തിൽ കിടക്കുന്നതു കൊണ്ടും ജലസേചനത്തിന് ഒറ്റ റെയിൻഹോസാണ് കൊടുത്തിരിക്കുന്നത്. പക്ഷെ ഇപ്പോഴത്തെ കാലാവസ്ഥ കൊണ്ട് ഇത് നട്ടതിനുശേഷം ഇന്നുവരെ വെളളമൊഴിക്കേണ്ടിവന്നിട്ടില്ല. ആദ്യത്തെ രണ്ടുമൂന്നു ദിവസം വെളളമൊഴിച്ചത് അല്ലാതെ. എല്ലാ ദിവസവും മഴയാണ്. അതുകൊണ്ട് ചെടികളെല്ലാം പെട്ടെന്ന് വേര് പിടിച്ചു, പൊങ്ങി. ഇവിടെ ഏറ്റവും കൂടുതൽ വളർന്ന ചെടി ഏകദേശം നാലടിയിൽ കൂടുതലായിട്ടുണ്ട്. മൂന്നുമാസം കൊണ്ട് അഞ്ചടിവരെ വളർന്ന ചെടികളുമുണ്ട്. അപ്പോൾ ഞങ്ങളുടെ കണക്കനുസരിച്ചുതന്നെ ഇത് പോകുന്നുണ്ട്.

ഒരു വർഷം കഴിയുമ്പോൾ ഈ ചെടികൾ എല്ലാംതന്നെ പത്തടിക്കു മുകളിൽ ഭൂരിഭാഗം ചെടികളും വളർന്നു നിൽക്കും. ഈ പ്രദേശത്ത് നിന്ന് അങ്ങോട്ടുളള കാഴ്ച്ച മറഞ്ഞുനിൽക്കും. ആ സമയത്തിത് ഞങ്ങൾ വീണ്ടും കാണിക്കാം. അതുകൊണ്ട് വീടിനടുത്തുളള ചെറിയ സ്ട്രിപ്പുകളിൽ പോലും - മരമുണ്ടേൽ മരത്തിനെ ചെറുതായൊന്നു പ്രൂൺ ചെയ്താൽ മതി - കാട് വെക്കാം. ഇനി ഇത് ബോധ്യമാവാത്തവർക്കായി അടുത്ത തവണ എങ്ങനെ മരം പ്രൂൺ ചെയ്യണം എന്നുളളത് താഴെ ഒരു സ്ഥലത്ത് ചെയ്യാനുദ്ദേശിക്കുന്നുണ്ട്. ആ പ്രൂൺ ചെയ്യുന്നതും കൂടികൂട്ടി ഒരു വീഡിയോ ചെയ്ത് എങ്ങനെയാണ് ചെയ്യേണ്ടതെന്നു കാണിച്ചുതരാം.