മിയാവാക്കി മാതൃകയിൽ ചെടികൾ എങ്ങനെ തെരഞ്ഞെടുക്കാം എന്നത് ഒരു പ്രധാനപ്പെട്ട വിഷയമാണ്. നമ്മൾ ആളുകളോട് മിയാവാക്കിയെ കുറിച്ച് പറഞ്ഞ്, അല്ലെങ്കിൽ ആളുകൾ മിയാവാക്കിയെക്കുറിച്ച് കുറച്ച് മനസ്സിലാക്കി കഴിയുമ്പോൾ ആദ്യം ചോദിക്കുന്നത് എങ്ങനെയാണ് ഇതിനുള്ള ചെടികൾ തെരഞ്ഞെടുക്കേണ്ടത് എന്നാണ്. വളരെ എളുപ്പമുള്ള കാര്യമാണ്.

നമ്മുടെ നാട്ടിൽ വളരുന്ന ചെടികൾ വളർത്തുക എന്നാണ് മിയാവാക്കി പറയുന്നത്. അതിന് അദ്ദേഹം പറയുന്നത് പൊട്ടൻഷ്യൽ നാച്ചുറൽ വെജിറ്റേഷൻ എന്നാണ്. ഒരു പ്രദേശത്ത് സ്വാഭാവികമായി വളരുന്ന ചെടികൾ ഏതൊക്കെയാണോ ആ ചെടികളെ തന്നെ അതേ പ്രദേശത്ത് നമ്മൾ വളർത്താൻ ശ്രമിക്കണം. ഇതിലൊരു പ്രശ്നം ഉള്ളത് എന്താന്നു വച്ചാൽ നമ്മുടെ നഗരങ്ങളിലെ മിക്കവാറും ചെടികളൊക്കെ വെട്ടി ഇല്ലാതാക്കി കഴിഞ്ഞു. 5 സെന്റിലോ 10 സെന്റിലോ വീടു വയ്ക്കുമ്പോൾ ചുറ്റുമുളള വെജിറ്റേഷൻ സ്വാഭാവികമായും അതു പോലെ നിൽക്കില്ല. അത് പതുക്കെ അങ്ങ് പോകും. എന്താണ് ഇവിടെ സ്വാഭാവികമായും ഉണ്ടായിരുന്ന ചെടി എന്നറിയാൻ കഴിയില്ല. അതിന് സിറ്റിയിൽ നിന്നും കുറച്ചു മാറിയുള്ള പ്രദേശങ്ങൾ തപ്പിക്കഴിഞ്ഞാൽ അവിടെ ഇപ്പോഴും ഈ ചെടികളൊക്കെ കാണും. അത് ഒരു കാര്യം. രണ്ടാമത്തെ മാർഗ്ഗം, കുറച്ച് പ്രായമായ ആളുകളോടൊക്കെ ചോദിക്കുക.

എന്റെ സുഹൃത്ത് രഘുനാഥൻ നാടാർ അദ്ദേഹത്തിന് 76 വയസ്സുണ്ട്. പുളിയറക്കോണം പ്രദേശത്തുള്ള എല്ലാ മരങ്ങളെക്കുറിച്ചും അദ്ദേഹത്തിനറിയാം. അദ്ദേഹം ഇവിടെത്തന്നെ ജനിച്ചു വളർന്ന ആളാണ്. ഈ പ്രദേശത്തിന്റെ പല ഭാഗങ്ങളിൽ ജീവിച്ചിട്ടുണ്ട്. അതുകൊണ്ട് അദ്ദേഹത്തിനറിയാം ഇവിടെ എന്ത് ചെടിയുണ്ട് അവിടെ ഏത് ചെടിയുണ്ട്, ഈ ചെടിയൊക്കെ എന്തിന്, ഏതൊക്കെ മരുന്നിനായി ഉപയോഗിച്ചിരുന്നു എന്നുള്ള കാര്യങ്ങളറിയാം. അങ്ങനെയുള്ള ആളുകളെ കണ്ടുപിടിച്ച് അവരുമായി സംസാരിച്ചു കഴിഞ്ഞാൽ അവിടെ പ്രാദേശികമായി ഉണ്ടാകുന്ന ചെടികളെ കുറിച്ച് അറിയാൻ പറ്റും.

പിന്നെ ഗവേഷണരീതിയിൽ ഇത് ചെയ്തിട്ടുള്ള ആളുകൾ പറയുന്നത് അവിടെയുള്ള പടങ്ങളും മറ്റും പരിശോധിക്കുക. പക്ഷെ കേരളത്തിൽ അങ്ങനെ ചെടികളൊന്നും വ്യക്തമാകുന്ന തരത്തിലുള്ള പടങ്ങളൊന്നും കിട്ടാനില്ല. അതുകൊണ്ട് അത് നല്ലൊരു മാർഗ്ഗമാണെന്നു തോന്നുന്നില്ല. ആളുകളോട് ചോദിക്കുക എന്നത് തന്നെയാണ് ആദ്യത്തെ മാർഗ്ഗം. രണ്ടാമത്തെ മാർഗ്ഗം അവിടെയൊക്കെ ചുറ്റി നടന്ന് ഏതൊക്കെ മരങ്ങൾ ഉണ്ടെന്ന് കാണുക. മൂന്നാമതൊരു മാർഗ്ഗം, കേരള ബയോഡൈവേഴ്സിറ്റി ബോർഡ് ഒരു പഠനം നടത്തുകയും ഓരോ പ്രദേശത്ത് വളരുന്ന ചെടികളെക്കുറിച്ച് ലിസ്റ്റ് ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. മലപ്രദേശങ്ങളിൽ വളരുന്ന ചെടികൾ, കായൽ പ്രദേശങ്ങളിൽ വളരുന്ന ചെടികൾ, വെട്ടുകല്ല്, ചുവന്നമണ്ണ് കൂടുതലുള്ള പ്രദേശങ്ങളിൽ വളരുന്ന ചെടികൾ, ഇങ്ങനെ ഒരു ലിസ്റ്റ് ഉണ്ടാക്കിയിട്ടുണ്ട്. ആ ലിസ്റ്റ് നോക്കിയിട്ട് അതാതു ചെടികൾ ആ പ്രദേശത്ത് വയ്ക്കുന്നത് ഉചിതമായ ഒരു മാർഗ്ഗമാണ്. പിന്നെ ഈ ചെടികൾ എങ്ങനെ കണ്ടു പിടിക്കും എന്നുണ്ട്.
അതിന്റെ കൂട്ടത്തിലൊന്നു പറയട്ടെ, ഞാനീ ഇടയ്ക്ക് അമൃതാനന്ദമയി വിദ്യാപീഠത്തിൽ മിയാവാക്കി രീതിയെക്കുറിച്ച് പറഞ്ഞുകൊടുക്കാനായി പോയി. അവിടെ ചെന്ന് അഷ്ടമുടിക്കായലിന്റെ തീരത്ത് ധാരാളമായി വളർന്നു നില്ക്കുന്ന ചെടികൾ ഏതൊക്കെയാണ് എന്നു നോക്കിയപ്പോൾ പല വീടുകളിലും സാധാരണഗതിയിൽ കായല് പ്രദേശത്ത് വളരില്ല എന്നു വിചാരിക്കുന്ന ചെടികൾ വളരെ നന്നായി വളരുന്നുണ്ട്. അവിടെ സപ്പോട്ടയുണ്ട്, നാരകം, അശോകം, നെല്ലി, ഇതെല്ലാമുണ്ട്. നെല്ലിയൊക്കെ സാധാരണഗതിയിൽ ആറ്റുതീരത്തു വളരുമോ എന്നു ചോദിച്ചാൽ വളരില്ല എന്നാണ് പൊതുവെ പറയുന്നത്. പൂവരശ്, പുങ്ക്, പുന്ന ആറ്റുവഞ്ചി ഇതൊക്കെയാണ് സാധാരണയായി ആറ്റുതീരത്ത് റെക്കമെന്റ് ചെയ്യുന്നത്. പക്ഷെ മറ്റു ചെടികൾ എല്ലാം തന്നെ ഇവിടെ ആറ്റുതീരത്തു വളരുന്നതു കണ്ടു. അപ്പോൾ കേരളത്തിന്റെ മണ്ണിൽ ഈ പറയുന്ന തരത്തിൽ വലിയ വ്യത്യാസം ഉണ്ടോ എന്നു കണ്ടുപിടിക്കേണ്ടതാണ്. എന്റെ വീട് കോട്ടയത്തായിരുന്നു. കോട്ടയം പട്ടണത്തിലെ മണ്ണ് ചുവന്ന മണ്ണാണ്. ചുവന്ന, വെട്ടുകല്ലിന്റെ അംശം കൂടുതലുള്ള മണ്ണായിരുന്നു ഞാൻ താമസിക്കുന്ന ഭാഗത്ത് കൂടുതലായി ഉണ്ടായിരുന്നത്. അതേ സമയം തിരുവല്ല, മാന്നാനം ആ ഭാഗത്ത് എന്റെ അച്ഛന്റെ സഹോദരിയുടെ വീട്ടിലും മറ്റും പോകുമ്പോ അവിടെ നല്ല പഞ്ചസാര മണലാണ്. പക്ഷെ ഈ രണ്ടു മണലിലും ഒരേതരം ചെടികൾ വളരുന്നതു കണ്ടിട്ടുണ്ട്. താന്നി, കരിഞ്ഞോട്ട, ചാര്, തുടങ്ങിയവ ഈ പഞ്ചസാര മണലിൽ വളരുന്നുണ്ട്. അതവിടെ വളരുന്നുണ്ടെങ്കിൽ ആറ്റുതീരത്തും വളരണം. കേരളത്തിലെ കാലവസ്ഥ, മറ്റു ഘടകങ്ങൾ അനുയോജ്യമായതിനാൽ എല്ലാ ചെടികളും വളരുമെന്നാണ് എനിക്ക് തോന്നുന്നത്. അത് പരീക്ഷിച്ചറിയേണ്ട ഒരു കാര്യമാണ്.

എന്തായാലും ഞാൻ ഇതിൽ ചെയ്യുന്നത്, ചെടികൾ വച്ചു നോക്കുക, ഇതുവരെയുള്ള ഞങ്ങളുടെ പരീക്ഷണത്തിൽ എല്ലാ ഭാഗത്തും ഒരേ വളർച്ചയാണ്. കുറച്ച് ഭാഗത്ത് വളർച്ച കുറവ് കണ്ടിട്ടുള്ളത് മൂന്നാറിൽ മാത്രമാണ്. മൂന്നാറിൽ high altitude ആണ്, വളരെ ഉയർന്ന പ്രദേശമാണ്. അവിടെ ഞങ്ങൾ വെച്ച ചെടികൾ അത്ര വേഗം വളരുന്നുണ്ടോയെന്ന് സംശയമുണ്ട്. ഇവിടെതന്നെ ഒരു നീർത്തടത്തിൽ ചുവന്ന മണ്ണിൽ വച്ച അതേ മരങ്ങൾ വെച്ചപ്പോൾ അത് വളരെ കൂടുതലായി വളരുന്നതു കണ്ടു. ജയകുമാറും അനിതയും അവരുടെ പറമ്പിൽ വെച്ചിരിക്കുന്ന ഒരു വീഡിയോ crowdforesting.org ൽ തന്നെ ഉണ്ട്. മറ്റു സ്ഥലങ്ങളിൽ ആറുമാസം കൊണ്ടുണ്ടാകുന്ന വളർച്ച അവിടെ ആറുമാസം കൊണ്ട് ഉണ്ടാകുന്നുണ്ട്. അത് വളരെ ചെളിനിറഞ്ഞ പ്രദേശമാണ്. മണ്ണിനടിയിൽ വെള്ളമാണ്. ഒരടി കുഴിച്ചാൽ വെള്ളം കിട്ടുന്ന സ്ഥലമാണ്. അവിടെ ചെടികൾ അങ്ങനെ വളരുന്നുണ്ട്.

അപ്പോൾ ചെടികൾ തെരഞ്ഞെടുക്കുന്നതിൽ അത്രയധികം വിഷമിക്കേണ്ട കാര്യമില്ല. സാധാരണഗതിയിൽ വളരുന്ന ചെടികളെല്ലാം നിങ്ങളുടെ പറമ്പിലും വളരുമെന്ന് വിചാരിക്കുക. ചെടികളുടെ ഗ്രൂപ്പ് തിരിച്ച് ഹരിത കേരളമിഷൻ ഒരു ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവരുടെ ആ ലിസ്റ്റ് അതുപോലെ തന്നെ ഞങ്ങളും crowd forestingൽ ഇടാൻ ഉദ്ദേശിക്കുന്നു. ആ ലിസ്റ്റ് നോക്കിയാൽ നിങ്ങൾക്ക് ജൈവവൈവിദ്ധ്യ ബോർഡിന്റെ പഠനത്തിന്റെ അടിസ്ഥാനത്തിൽ അവർ നിർദേശിക്കുന്ന ചെടികൾ ഏതൊക്കെയാണെന്ന് മനസ്സിലാക്കാൻ കഴിയും.