ഞാനൊരു സുഹൃത്തിനെ പരിചയപ്പെടുത്താം. അദ്ദേഹം മലയാളിയാണ്‌. പക്ഷെ വളര്‍ന്നത്‌ ബോംബെയിലാണ്‌. അവിടുന്ന്‌ ലോകത്തിന്റെ പലഭാഗങ്ങളില്‍ ജീവിച്ച്‌ ഇപ്പോള്‍ കേരളത്തില്‍ തിരിച്ചെത്തി. പൊതുവേ പുറത്തു പോയിവരുന്ന ആളുകളില്‍ പലരും കേരളത്തില്‍ വന്നുകഴിയുമ്പോള്‍ വീടൊരു വിദേശ മാതൃകയിലൊക്കെ ആക്കുക എന്ന ധാരണയിലാവണം, വീടിന്റെ ചുറ്റും വീഴുന്ന ഓരോതുളളി വെളളം മണ്ണിലേക്കിറങ്ങാതെ ചുറ്റും ടൈല്‍ ഒക്കെയിട്ട്‌ വളരെ വൃത്തിയുളള പരിസരം എന്ന രീതിയാണ്‌ സൂക്ഷിക്കുന്നത്‌.

പക്ഷെ യൂറോപ്പിലൊക്കെ ആളുകള്‍ പെര്‍മാകള്‍ച്ചറിലേക്കു പൊയ്‌ക്കൊണ്ടിരിക്കുകയാണ്‌. ജപ്പാന്‍ മിയാവാക്കിയിലേക്കു പോയി, ലോകം മുഴുവന്‍ മിയാവാക്കി മാതൃക എത്തിച്ചു. അങ്ങനെ പലയിടത്തും പലതരത്തിലും പ്രകൃതിക്ക്‌ അനുകൂലമായൊരു നിലപാട്‌ എടുക്കണം എന്ന്‌ ആളുകള്‍ ചിന്തിച്ചുകൊണ്ടിരിക്കുകയാണ്‌. എന്തുകൊണ്ടോ, നമ്മുടെ ആളുകള്‍ അതിലേക്ക്‌ അത്ര പെട്ടെന്ന്‌ ഇറങ്ങുന്നില്ല. അത്ര പൈസ നമ്മളതിനു മുടക്കണോ എന്നൊക്കെയുളള ചിന്തയാണ്‌. ഇവിടെ വ്യത്യസ്‌തമായി ചിന്തിക്കുന്ന ഒരു ആഗോള മലയാളിയെ പരിചയപ്പെടുത്തുകയാണ്‌. ഇദ്ദേഹത്തിന്റെ പേര്‌ രവി മേനോന്‍. ഇവിടെ ചെറായിയിലാണ്‌ താമസിക്കുന്നത്‌. എങ്ങനെ ഇതിലേക്കു വന്നു എന്നുളളതും ബാക്കി കാര്യങ്ങളും അദ്ദേഹം തന്നെ പറയും.

രവി മേനോന്‍: വൈപ്പിനില്‍ പെരുമ്പിളളിയാണ്‌ സ്ഥലം. ഇവിടെ എന്റെ തറവാടാണ്‌. പഴയൊരു തറവാടാണ്‌. ഞാനിവിടെ കാണുന്നത്‌ അതിന്റെ സ്വാഭാവികസൗന്ദര്യമാണ്‌. കുളവും കിണറും പലതരം മരങ്ങളും. എന്റെ പ്രധാന ആശയം ഇതങ്ങനെതന്നെ നിലനിര്‍ത്തുകയാണ്‌. വിദേശത്ത്‌ എല്ലാവരും പെര്‍മാകള്‍ച്ചര്‍, പഴയ കൃഷിരീതികള്‍ ഇതെല്ലാമാണ്‌ ഇപ്പോള്‍ ചെയ്യുന്നത്‌. അവിടുന്നാണ്‌ ഞാന്‍ പെര്‍മാകള്‍ച്ചര്‍ പഠിച്ചത്‌. മിയാവാക്കി മാതൃക ജപ്പാനിലും സിംഗപ്പൂരിലുമൊക്കെ വ്യാപകമായുണ്ട്‌. അതിന്റെ കുറേ കാര്യങ്ങള്‍ അങ്ങനെ പഠിച്ചു. പിന്നെ മുളകള്‍. നമ്മുടെ നാട്ടില്‍ മുളകള്‍ അങ്ങനെയാരും നട്ടുപിടിപ്പിക്കാറില്ല. എനിക്കതിനെ കുറിച്ചുളള ധാരണ കിട്ടിയത്‌ ജപ്പാനില്‍ നിന്നും സിംഗപ്പൂരില്‍ നിന്നുമാണ്‌. ചൈനയിലുമതെ. അവിടെ മുളയ്‌ക്ക്‌ വളരെ പ്രാധാന്യം കൊടുക്കുന്നു. മുള അവരുടെ സംസ്‌കാരത്തിന്റെ ഭാഗം കൂടിയാണ്‌.

ഹരി: ഇവിടെ നമുക്കിപ്പോള്‍ പത്ത്‌, മുപ്പതു തരം മുള കാണില്ലേ ?

രവി: ഉണ്ട്‌.

ഹരി: ഇതെല്ലാം കൊണ്ടുവന്നു വെച്ചുപിടിപ്പിച്ചതാണോ ?

രവി: അതെയതെ.

ഹരി: താങ്കള്‍ വരുന്ന സമയത്ത്‌ ഒന്നുമില്ലേ ?

രവി: ഒന്നുമില്ല. പിന്നെ നക്ഷത്രവനത്തില്‍ ഉള്‍പ്പെടുന്ന എല്ലാ മരങ്ങളും ഇവിടെയുണ്ട്‌. പൊതുവേ അമ്പലത്തില്‍ പോയി നമ്മുടെ നാളും പേരും പറഞ്ഞിട്ടാണ്‌ വഴിപാടുകള്‍ ചെയ്യുക. ചുരുങ്ങിയത്‌ ആളുകള്‍ അവരുടെ നക്ഷത്രത്തിന്‌ അനുസരിച്ചുളള മരമെങ്കിലും വീട്ടില്‍ നട്ടുവളര്‍ത്തുന്നത്‌ നല്ലതാണ്‌.

ഹരി: സാധാരണഗതിയില്‍ മുറ്റത്തൊക്കെ ടൈലിട്ടു കാണാറുണ്ട്‌. താങ്കളത്‌ ഇങ്ങനെത്തന്നെ നിര്‍ത്തി. ഇതിങ്ങനെ ചെയ്യാനെന്താ കാര്യം ?

രവി: ഇതിന്റെ പ്രധാന കാര്യം ഈ മരങ്ങള്‍ സൃഷ്ടിക്കുന്ന ഒരു ബയോ ഷേഡുണ്ട്‌. ഒരു ജൈവമറ. അതുളളതുകൊണ്ട്‌ സൂര്യപ്രകാശം ഭൂമിയില്‍ വീഴില്ല. അപ്പോള്‍ കുറ്റിച്ചെടികളും മറ്റും അധികം പിടിക്കില്ല. സ്വാഭാവികമായൊരു ജൈവമറ ഉണ്ടാക്കുക എന്നതാണിതിലെ പ്രധാന ആശയം. പിന്നെ പൊതുവേ കൂലിച്ചെലവ്‌ കുറയും. ചെലവ്‌ കുറക്കുക എന്ന ഉദ്ദേശ്യമുണ്ടായിരുന്നു. പിന്നെ പെര്‍മാകള്‍ച്ചറില്‍ ഉണങ്ങിയ ഇലകളെല്ലാം വേണം. അവ സ്വാഭാവികമായി പൊടിഞ്ഞുചേര്‍ന്നു വളമാവുകയാണ്‌. ഇവിടെ ഇപ്പോള്‍ നിറയെ മണ്ണിരകളാണ്‌. അവര്‍തന്നെ മണ്ണിനെ ഫലസമ്പുഷ്ടമാക്കും. അങ്ങനെ സ്വാഭാവികമായ ജൈവവൈവിധ്യം തിരിച്ചുവന്നുകഴിഞ്ഞു. ഇനി അത്‌ പരിപാലിച്ചുപോവുക എന്നുളളതേ ഉളളൂ.

ഹരി: കഴിഞ്ഞയാഴ്‌ച്ച കല്‍ക്കട്ടയിലെ നാഷണല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ പോയിരുന്നു. അവിടെ കാണാവുന്നൊരു കാര്യം, പുല്ല്‌ കണ്ടമാനം വളര്‍ന്നു നില്‍ക്കുന്നുണ്ട്‌. പക്ഷെ മരങ്ങളുളള സ്ഥലത്തില്ല. വെയിലു വീഴുന്ന സ്ഥലങ്ങളില്‍ നന്നായി പുല്ല്‌ വളര്‍ന്നുനില്‍പുണ്ട്‌. ഞാനത്‌ വ്യക്തമാകുന്ന രീതിയില്‍ ഒന്നുരണ്ട്‌ പടങ്ങളുമെടുത്തു. ഇവിടെ താങ്കളത്‌ ജീവിതത്തിന്റെ ഭാഗമാക്കിയിരിക്കുകയാണ്‌.

രവി: ഇത്‌ സിംഗപ്പൂരിലും ജപ്പാനിലുമൊരു പൊതു സംഗതിയാണ്‌. അവര്‍്‌ സ്വാഭാവികമായ ജൈവമറ തന്നെ അവരുടേതായ രീതിയില്‍ നിലനിര്‍ത്തുന്നു.

ഹരി: മരങ്ങള്‍ തന്നെ വെച്ച്‌ സൂര്യപ്രകാശം തടയുക. സൂര്യപ്രകാശം വീഴാത്ത സ്ഥലത്ത്‌ പുല്ലു കിളിര്‍ക്കാതിരിക്കും.

രവി: അതെ. അപ്പോള്‍ ഭൂമിയില്‍ ജലാശം കൂടുകയും ചെയ്യും. മണ്ണിര വരും.

ഹരി: ഇത്രയും കരിയിലയൊക്കെ കിടക്കുന്നു. ഇവിടെ വെളളമുണ്ട്‌, ചീവീടും തവളയുമുണ്ട്‌. പാമ്പു വരുമോ എന്നുളള പേടിയില്ലേ ?

രവി: പണ്ടുണ്ടായിരുന്നു പാമ്പിന്റെയൊക്കെ പേടി. പക്ഷെ നമ്മള്‍ പെര്‍മാകള്‍ച്ചര്‍ പഠിക്കുമ്പോള്‍ അതിലീ ചവറ്‌ കൃത്യമായി ചീഞ്ഞ്‌ വളമാകുന്നുണ്ടെങ്കില്‍ ഇങ്ങനത്തെ തണുത്ത അന്തരീക്ഷത്തില്‍ പാമ്പ്‌ ഇരിക്കാറില്ല. ഈ ചവറില്‍ നിറച്ച്‌ ബാക്ടീരിയയും ഫംഗസുമൊക്കെ ആയിരിക്കും. പൊതുവേ അങ്ങനത്തൊരു സ്ഥലത്ത്‌ പാമ്പിനിരിക്കാന്‍ അത്ര താത്‌പര്യമില്ല. അതാണ്‌ പെര്‍മാകള്‍ച്ചര്‍ പറയുന്നത്‌. പൊതുവേ ഈര്‍പ്പമില്ലാത്ത സ്ഥലത്താണ്‌ പാമ്പുകള്‍ ഇരിക്കുക.

ഹരി: അതായത്‌ പെര്‍മാകള്‍ച്ചര്‍ പ്രകാരം നനവുളള സ്ഥലങ്ങളില്‍ പാമ്പ്‌ കാണില്ല എന്നുളളതാണ്‌.

രവി: അതെ. ആക്ടീവ്‌ ബാക്ടീരിയ ഉളള സ്ഥലത്തിരിക്കാന്‍ ഒരു പാമ്പിനും ഇഷ്ടമല്ല. ചേര ഇഷ്ടംപോലെ ഉണ്ട്‌.

ഹരി: മറ്റുജീവികള്‍, കീരി ഒക്കെ വരുന്നുണ്ടോ ?

രവി: കീരി ഇഷ്ടംമാതിരിയുണ്ട്‌. മരപ്പട്ടിയുണ്ട്‌. പലതരം മൂങ്ങകള്‍ വരാറുണ്ട്‌. നിറയെ പക്ഷികളുണ്ട്‌. അപൂര്‍വ ഇനം പക്ഷികള്‍ ഇവിടെ വരാറുണ്ട്‌. അവയുടെ മനോഹരമായ ശബ്ദം കേള്‍ക്കാറുണ്ട്‌.

ഹരി: സാധാരണ നമ്മള്‍ ഓഫീസ്‌ അന്തരീക്ഷത്തില്‍ കുറേനാള്‍ ഇരുന്നാല്‍ പിന്നെ പുറത്തിറങ്ങി ഇതുപോലെ മണ്ണില്‍, കരിയിലയിലൊക്കെ ഇരിക്കുന്നത്‌ അസ്വസ്ഥത ഉണ്ടാക്കുന്ന ആളുകളുണ്ട്‌. താങ്കള്‍ക്ക്‌ അങ്ങനെയൊരു അസ്വസ്ഥത ഉണ്ടോ.

രവി: ഇല്ല. ഞാനിത്‌ ആസ്വദിക്കുന്ന ആളാണ്‌. എനിക്കിത്തരമൊരു ജീവിതരീതി ഇഷ്ടമാണ്‌. ഞാന്‍ ഏറെക്കാലം ജപ്പാനിലും സിംഗപ്പൂരിലുമൊക്ക ആയിരുന്നു. മെട്രോപോളിസുകളാണല്ലോ അവ. മുഴുവനുമൊരു സിറ്റി കള്‍ച്ചര്‍ ആയിരുന്നു. അതുവിട്ടിട്ട്‌ ഇങ്ങോട്ടു വരുമ്പോള്‍ ഞാന്‍ വളരെ സന്തുഷ്ടനാണ്‌. നമ്മള്‍ കൂടുതല്‍ പ്രകൃതിയോട്‌ അടുത്തതു പോലെ, സ്വയം അറിയുന്നതു പോലുളള അനുഭവമാണ്‌.

ഹരി: അത്‌ ആസ്വദിച്ച്‌ അങ്ങനെത്തന്നെ നിലനിര്‍ത്തിക്കൊണ്ടു പോകാനും തീരുമാനിച്ചു അല്ലേ ?

രവി: അതെ.

ഹരി: അദ്ദേഹം 44 വര്‍ഷം കേരളത്തിനു പുറത്തു ജീവിച്ചയാളാണ്‌. കേരളത്തില്‍ ജനിച്ചു, 22 വര്‍ഷത്തോളം ബോംബെയില്‍ ജീവിച്ചു. അതിനുശേഷം ഇന്ത്യയ്‌ക്കു പുറത്ത്‌ 22 വര്‍ഷവും ജീവിച്ചു. അങ്ങനെ 44 വര്‍ഷം വന്‍നഗരങ്ങളില്‍ ജീവിച്ചശേഷം തിരിച്ചിവിടെ വന്നയാളാണ്‌. ഇവിടെ വരുന്നതിനു മുമ്പ്‌ യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ പ്രചാരത്തിലുളള പെര്‍മാകള്‍ച്ചറിനെ കുറിച്ചു പഠിച്ചു. പിന്നെ ജപ്പാനില്‍ നിന്നും സിംഗപ്പൂരില്‍ നിന്നും മുളകള്‍ വെച്ചുപിടിപ്പിക്കുന്ന ഒരുരീതി, മിയാവാക്കി രീതി, ഇങ്ങനെ പലതും പഠിച്ചശേഷമാണ്‌ അദ്ദേഹം ഇവിടെ വന്നത്‌. വന്നശേഷം അതിവിടെ പ്രയോഗിക്കാന്‍ തീരുമാനിച്ചു. അതിലേറ്റവും പ്രധാനം മുറ്റത്തു പുല്ലു വളരാതിരിക്കാന്‍ നമ്മള്‍ ടൈലിടുന്ന മാതൃകയ്‌ക്കു പകരം അദ്ദേഹം ചെയ്‌തത്‌ മുറ്റത്ത്‌ മരങ്ങളുടെ നിഴല്‍ സൃഷ്ടിക്കുകയും മുറ്റത്ത്‌ പുല്ലു വളരാതെ നിലനിര്‍ത്തിക്കൊണ്ടു പോകുകയുമാണ്‌.

അതുപോലെ ചപ്പുവചവറുകളില്‍ പാമ്പു വരുമോയെന്ന പേടി പലര്‍ക്കുമുണ്ട്‌. അദ്ദേഹം പറയുന്നത്‌ പെര്‍മാകള്‍ച്ചറിന്റെ അടിസ്ഥാനപാഠം ചപ്പുചവറുകള്‍ കൂട്ടിയിട്ടിട്ട്‌ അതില്‍ നനവും ഫംഗസും ബാക്ടീരിയയും ഉണ്ടെങ്കില്‍ പാമ്പ്‌ വരില്ല എന്നുളളതാണ്‌. ഉണങ്ങിയ സ്ഥലങ്ങളിലാണ്‌ പാമ്പ്‌ ഇരിക്കുന്നത്‌. ഇവിടെ അതുകൊണ്ട്‌ വിഷപ്പാമ്പുകളെ കണ്ടിട്ടില്ല. ചേര ധാരാളമുണ്ട്‌. പിന്നെ കീരി, മരപ്പട്ടി പോലുളള ധാരാളം ജീവികളുണ്ട്‌. പക്ഷികളുടെയും അണ്ണാന്റെയുമൊക്കെ ശബ്ദം നമ്മള്‍ കേട്ടുകൊണ്ടിരിക്കുകയാണ്‌.

അപ്പോള്‍ ദീര്‍ഘകാലം വിദേശത്തായിരുന്ന ഒരാള്‍ക്ക്‌ ഇതുപോലെ വളരെ മനോഹരമായ, പ്രകൃതിസൗഹൃദമായ ഒരന്തരീക്ഷം സൃഷ്ടിച്ച്‌ കഴിയാന്‍ കഴിയുന്നു എന്നതില്‍ നമുക്കുതന്നെ ചെറിയൊരു അസൂയ ഉണ്ട്‌. സാധാരണ തിരിച്ചുവന്നുകഴിഞ്ഞാല്‍ ഇത്രയും ലോകം കണ്ടിട്ടും തിരിച്ച്‌, ഇതുതന്നെയാണ്‌ എനിക്കു വേണ്ടതെന്ന്‌ തിരിച്ചറിയുകയും തീരുമാനമെടുക്കാന്‍ പറ്റുന്നതുമൊക്കെ അപൂര്‍വമായൊരു കാര്യമാണ്‌. അദ്ദേഹത്തെ പരിചയപ്പെടാന്‍ കഴിഞ്ഞതില്‍ എനിക്കു സന്തോഷമുണ്ട്‌. നിങ്ങള്‍ക്കും സന്തോഷകരമായിരിക്കും എന്നു കരുതുന്നു.