കഥ പറയുന്നതിന് മുമ്പ് ഒരു കാര്യം. നെറ്റിയിൽ സാമാന്യം നല്ലൊരു മുറിവുണ്ട്. ഷൂട്ട് ചെയ്യുന്നയാൾ ചോദിച്ചു ഇതെന്തു പറ്റി എന്ന്? അപ്പോൾ നിങ്ങൾക്കും അങ്ങനെയൊരു സംശയം തോന്നാം. തല്ലു കിട്ടിയതല്ല. ഈയിടെ എനിക്ക് പുരാവസ്തുവിൽ ഒരു കൗതുകം വന്നു. ഈ പത്രവാർത്തകളൊക്കെ വായിച്ചപ്പോൾ. ഞാൻ കുമരകം വഴി പോയപ്പോൾ ഒരു പഴയ ഓട്ടുവിളക്ക് വാങ്ങി വീടിന്റെ മുമ്പിൽ തൂക്കി നോക്കി. അതു തൂക്കിയ കാര്യം ഞാൻ മറന്നു പോയി. അതുമാത്രമല്ല, എനിക്ക് കുറച്ച് അശ്രദ്ധ പൊതുവേ ഉള്ള കൂട്ടത്തിലാണ്. വീട്ടിലേക്ക് കയറുമ്പോഴും ഇറങ്ങുമ്പോഴും അത് എന്റെ തലയിൽ ഇടിക്കും. വിളക്ക് രണ്ടു മൂന്നു തട്ടായതു കൊണ്ട് രണ്ടു മൂന്ന് ഭാഗത്ത് ഇടിക്കും. നെറ്റിയിൽ ഇടിക്കും, ഉച്ചിയിൽ ഇടിക്കും. അങ്ങനെയുണ്ടായ മുറിവാണ്. ഇനി ഇന്നത്തെ വിഷയത്തിലേക്ക് വരാം.

ഞാൻ കോളേജിൽ പഠിക്കുന്ന കാലത്താണ് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഒരു ക്യാംപെയ്നുണ്ടായിരുന്നു, വേനൽക്കാലമാകുമ്പോൾ കുട്ടികൾ ചെയ്യേണ്ട കാര്യങ്ങൾ എന്ന്. വെള്ളമെടുത്ത് ചട്ടിയിലാക്കി പുറത്ത് വയ്ക്കുക, അപ്പോൾ പക്ഷികൾ വന്ന് കുടിക്കും എന്നായിരുന്നു ക്യാംപെയ്നിന്റെ ഒരു ചുരുക്കം. അത് അവധിക്കാല പ്രവർത്തനങ്ങളായി കുട്ടികൾക്ക് പറഞ്ഞ് കൊടുക്കുന്നതാണ്. ഇത് പറഞ്ഞു കൊടുക്കുന്ന ജോലിയായിരുന്നു എനിക്ക്. ഞാൻ അന്ന് പരിഷത്തിന്റെ പ്രവർത്തകനായിരുന്നു. ഇങ്ങനെയൊരു കാര്യം പറയുമ്പോൾ ഞാനുമൊന്ന് ചെയ്തു നോക്കണമല്ലോ എന്ന് കരുതി വീടിന്റെ കിണറിനടുത്തുള്ള മുരിങ്ങയിൽ ഒരു ഉപയോഗശൂന്യമായ മീൻചട്ടി കെട്ടി വച്ചു. രാവിലെ കിണറ്റിൽ നിന്നും വെള്ളം കോരി അതിൽ ഒഴിച്ചു വയ്ക്കും.

ആദ്യം പക്ഷികളൊന്നും വന്നില്ല. പിന്നെ വന്നു തുടങ്ങി. പക്ഷികൾ വന്ന് വെള്ളം കുടിക്കുന്നതിനു പുറമെ ചില പക്ഷികൾ അതിൽ ഇറങ്ങി കുളിക്കാൻ തുടങ്ങി. അങ്ങനെ ചില ദിവസങ്ങളിൽ രണ്ടു പ്രാവശ്യം വെള്ളം കോരി ഒഴിക്കേണ്ടി വരും. കാക്ക കുളിക്കുന്നതു കണ്ടാൽ മരണം വരും എന്നൊരു വാർത്തയുണ്ട്. അപ്പോൾ അമ്മ എന്നെ ഓടിക്കും, ഇങ്ങനെ ചെയ്യരുതെന്ന് പറഞ്ഞ്. പക്ഷെ എന്തായാലും വേനൽക്കാലം നല്ല രസകരമായി കടന്നു പോയി. അതിനടുത്ത വർഷം പഠിക്കാനായി എനിക്ക് കേരളം വിട്ട് പോകേണ്ടി വന്നു. പിന്നെ എനിക്ക് അങ്ങനെ ചെയ്യാനുള്ള സമയം കിട്ടിയിട്ടില്ല.

അടുത്ത കാലത്ത് സുരേഷ് ഇളമണ് എന്ന വിഖ്യാതനായ ഒരു ചിത്രശലഭ നിരീക്ഷകനും, പക്ഷി നിരീക്ഷകനും ഒക്കെയാണ്. പ്രകൃതി സ്നേഹിയുമായ അദ്ദേഹം ഒരു ചെറിയ ഫിലിം ചെയ്തിരുന്നു. അതിന്റെ പേര് മറന്നു പോയി. ഞങ്ങൾ തന്നെയായിരുന്നു അത് വിപണിയിലെത്തിച്ചിരുന്നത്. വീടിനു ചുറ്റുമുള്ള നമ്മുടെ ജീവിതമാണ്. വൈൽഡ്ലൈഫ് എന്നാൽ കാട്ടിൽ പോയി മാത്രം കാണേണ്ടതല്ലെന്നും വീടിനു ചുറ്റും തന്നെ ധാരാളം ജീവികളുണ്ടെന്നാണ് അദ്ദേഹം അതിലൂടെ പറയുന്നത്. അതിൽ അദ്ദേഹം പറയുന്നുണ്ട്, ഒരു ബേർഡ് ഡെസ്ക് ഉണ്ടാക്കണമെന്ന്. ബേർഡ് ഡെസ്ക് ഉണ്ടെങ്കിൽ പക്ഷികൾ വന്ന് ഭക്ഷണം കഴിക്കും എന്നാണ് പറഞ്ഞിരുന്നത്.

ഞാൻ അങ്ങനെ ഈ സ്ഥലത്ത് കാട് വച്ച് കഴിഞ്ഞപ്പോൾ ഓർത്തു നമുക്ക് ഇവിടൊരു ബേർഡ് ഡെസ്കുണ്ടാക്കാം എന്ന്. അപ്പോൾ ഒരു പ്രശ്നം, പക്ഷികൾ വരാനൊരു സാങ്കേതിക തടസ്സം- പൂച്ച ആ പ്രദേശത്ത് എന്തെങ്കിലുമുണ്ടെങ്കിൽ ഒളിച്ചിരുന്ന് ഈ പക്ഷികളെ പിടിക്കാൻ ശ്രമിക്കും. ചെറുപ്പത്തിൽ ഇങ്ങനെ ചെയ്തപ്പോൾ കുഴപ്പമില്ലായിരുന്നു. ഞാനും ഭാര്യയും ചേർന്ന് ഇവിടെ വച്ച ഒരു വീടിന്റെ മുകളിൽ ടെറസ്സിൽ, പക്ഷികൾ വരുമായിരുന്നു. പക്ഷെ കുറച്ച് കഴിഞ്ഞ് പൂച്ച വന്നു തുടങ്ങിയതോടെ ഈ പക്ഷികള് എല്ലാം അപ്രത്യക്ഷമായി. പൂച്ച ചെടിച്ചട്ടിയുടെ ഇടയില് ഒളിച്ചിരുന്ന് പക്ഷിയെ പിടിക്കാന് നോക്കും. പക്ഷി ഇത് ആകാശത്തു നിന്ന് നോക്കിയിട്ടാണ് വരുന്നത്. പൂച്ചയെ കണ്ടാൽ പിന്നെ ആ പ്രദേശത്തേക്കേ വരില്ല.

ഇവിടെ ഞങ്ങൾ ഒരു പ്രത്യേക സംവിധാനം ചെയ്തു. പ്ലാസ്റ്റിക് പൈപ്പ്, പി.വി.സി പൈപ്പ് മുറിച്ച് അതിന്റെ രണ്ടു വശത്തും ക്യാപ് വച്ച് അതൊരു ചങ്ങലയിലും, കയറിലും തൂക്കാൻ തുടങ്ങി. അങ്ങനെ തൂങ്ങി കിടക്കുമ്പോൾ പൂച്ചയ്ക്ക് അതിൽ കയറിയിരിക്കാൻ കഴിയില്ല. അത് ആടിക്കൊണ്ടിരിക്കും. പക്ഷികളുടെ ശത്രുക്കൾ അതിലിരിക്കില്ല. ഇതാണ് ഞങ്ങളുദ്ദേശിച്ചത്. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ പക്ഷികൾ വന്നു തുടങ്ങി. അതുപോലെയുള്ള രണ്ടു മൂന്നെണ്ണമുണ്ടാക്കി. അതിൽ ചില മോഡലുകൾ നോക്കി. ഇങ്ങനെ ചെയ്യുമ്പോൾ ഓർക്കേണ്ട ഒരു കാര്യം ഈ പൈപ്പിന്റെ അടിയിൽ രണ്ട് - മൂന്ന് ദ്വാരങ്ങൾ ഇടണം. കാരണം മഴ പെയ്യുകയാണെങ്കിൽ വെള്ളവും ഭക്ഷണവും എല്ലാം കൂടി കെട്ടികിടന്ന് വശക്കേടാവും. അതുകൊണ്ട് ചുവട്ടിൽ 2 - 3 ദ്വാരങ്ങളിടുന്നത് നല്ലതാണ്. ഞാൻ പല സാധനങ്ങളും മാറി മാറി ഇട്ടു നോക്കി. പഴമൊന്നുമിട്ടാൽ പക്ഷികൾ വരില്ല.

പക്ഷികൾ വരാൻ ഏറ്റവും നല്ല മാർഗ്ഗം സാധാരണ മോഡേൺ ബ്രഡ് വാങ്ങി പൊടിച്ച് ഇടുന്നതാണ്. അങ്ങനെ ബ്രഡ് വാങ്ങി പൊടിച്ചിട്ടു പക്ഷികൾ വന്നു തുടങ്ങി. ഒരിക്കൽ വയനാട്ടിൽ നിന്നുള്ള ഒരു വീഡിയോ കണ്ടു. അദ്ദേഹത്തിന്റെ പേര് ഞാൻ മറന്ന് പോയി. ഒരു സ്വാമി പോലെ, താടിയൊക്കെ വളർത്തി, മുടി വളർത്തി.അദ്ദേഹം അമ്പ് ചെയ്യുന്നൊരു വീഡിയോ പണ്ട് ഞങ്ങൾ ഷൂട്ട് ചെയ്തിട്ടുണ്ട്. അവിടെ കാട്ടിൽ പക്ഷികൾ വരുന്നത് കണ്ടാൽ നമുക്ക് കൊതി വരും. നൂറ് കണക്കിന് പക്ഷികൾ വന്ന് അദ്ദേഹം കൊടുക്കുന്ന ഭക്ഷണം കഴിച്ചു കൊണ്ട് പോകും. അദ്ദേഹം ആറേകാൽ ആകുമ്പോൾ ഭക്ഷണം കൊടുക്കും. അദ്ദേഹത്തിന്റെ വീഡിയോയിൽ നിന്ന് എനിക്ക് രണ്ട് കാര്യങ്ങൾ മനസ്സിലായി. ഒന്ന്, അദ്ദേഹം ബ്രഡിനൊപ്പം ബേക്കറികളിൽ നിന്നു കിട്ടുന്ന നാടൻ കപ്പ്കേക്ക് കൂടി പൊടിച്ചു ഇടുന്നുണ്ട്. ബ്രഡിന് കുറച്ചു മധുരം കിട്ടാനോ, പക്ഷികളെ ആകർഷിക്കാനോ അതിന് കഴിയുമായിരിക്കും. ഒരുപാട് അണ്ണാനും വരുന്നുണ്ട്. അദ്ദേഹത്തിന്റെ ഈ വീഡിയോ കണ്ടതോടെ ഞാനും ഈ ബ്രഡിനൊപ്പം കപ് കേക്ക് കൂടി പൊടിച്ചു കൊടുക്കാൻ തുടങ്ങി.

രണ്ടാമത്തെ കാര്യം, അദ്ദേഹം ഇതൊരു പലകയിൽ ആണ് വച്ച് കൊടുക്കുന്നത്. ഞാൻ ഈ പൂച്ചയെ പേടിച്ച് ഈ ആടിക്കൊണ്ടിരിക്കുന്ന ഒരു സാധനം പിടിപ്പിച്ചെങ്കിലും സത്യത്തിൽ പക്ഷികൾക്ക് ആടുന്നൊരു ഈ പൈപ്പില് വന്നിരുന്ന് കഴിക്കാന് പേടിയാണ്. അതുമാത്രമല്ല, ഒന്നിൽ കൂടുതൽ പക്ഷികൾക്ക് ഒരേസമയത്ത് വന്നിരുന്ന് കഴിക്കാനും പാടാണ്. അതേസമയം കുറച്ചു കൂടി വലിയൊരു പ്ലാറ്റ്ഫോം ഉണ്ടാക്കുവാണേൽ ചെറിയ പക്ഷികൾ ആണേൽ കൂടുതൽ പക്ഷികൾക്ക് ഒന്നിച്ച് വന്നിരുന്ന് കഴിക്കാൻ കഴിയും. അപ്പോൾ നിങ്ങൾ നിങ്ങളുടെ വീടിന്റെ പരിസരത്തോ, എവിടെയെങ്കിലും ഇത് ചെയ്യുമ്പോൾ കഴിയുന്നതും ഒരു പ്ലാറ്റ്ഫോമായി ചെയ്യുക. ഇതിൽ പൂച്ച പോലെയുള്ള ജീവികൾ കയറാതെയിരിക്കാൻ നോക്കണം. പിന്നെ ഇവിടെ ഇപ്പോൾ ഞങ്ങൾ ബ്രഡിനോടൊപ്പം കുറച്ചു വെള്ളം കൂടി വയ്ക്കുന്നുണ്ട്. കാരണം വേനൽക്കാലമായതു കൊണ്ട് പക്ഷികൾക്ക് വെള്ളം ആവശ്യമാണ്. വെള്ളം കൂടി കൊടുത്തു കഴിഞ്ഞാൽ ധാരാളം പക്ഷികൾ വരുന്നത് കാണാൻ കഴിയും.

ഇതിലൊരു രസകരമായ കാര്യം, എന്റെ മകൾ താമസിക്കുന്ന ഫ്ലാറ്റിന്റെ മുകളിൽ, എന്റെയൊരു സ്നേഹിത, സുനിത താമസിക്കുന്നുണ്ട്. അവർ എല്ലാ മാസവും ബേക്കറിയിൽ നിന്ന് കുറച്ച് മിക്സ്ച്ചർ വാങ്ങി ഫ്ലാറ്റിന്റെ സെക്യൂരിറ്റിയെ ഏൽപ്പിക്കും. സെക്യൂരിറ്റി രാവിലെ ചായ കുടിക്കുന്ന കൂട്ടത്തിൽ മിക്സ്ച്ചർ പൊട്ടിച്ച് ഇടും. അടുത്തുള്ള തെങ്ങിന്റെ മുകളിൽ കൂട് വച്ചിരിക്കുന്ന ഒരു മൈന അവിടെ വന്ന് ഇരുന്ന് ഈ സെക്യൂരിറ്റികാരോടൊപ്പം ഈ റിസപ്ഷനിലൂടെ നടന്ന് അവർ കൊടുക്കുന്ന മിക്സ്ച്ചർ കഴിച്ച് പോകുന്നൊരു കാഴ്ചയുണ്ട്. ഈ പക്ഷികളെ നമ്മള് കൂട്ടിലിട്ട് ഇണക്കേണ്ട കാര്യമില്ല. പക്ഷികൾക്ക് കൃത്യമായി ഭക്ഷണം കൊടുക്കുകയും, നമ്മൾ അവരെ ഉപദ്രവിക്കാനല്ല ഭക്ഷണം നീട്ടുന്നതെന്ന് അവർക്ക് ബോധ്യമായാൽ ധാരാളം പക്ഷികൾ വരും. ഈ മുളയൊക്കെ ആദ്യം വന്നപ്പോൾ ഇതൊരു കെണി ആണോയെന്നുള്ള സംശയം കാരണം കുറേത്തവണ അടുത്തുള്ള മരങ്ങളിൽ വന്നിരുന്ന് നോക്കി ഒന്ന് കൊത്തി പോയി, അങ്ങനെ കുറേ കാലം കൊണ്ടാണ് പക്ഷികൾ വന്നു തുടങ്ങിയത്.

പക്ഷെ പക്ഷികൾക്ക് വിശ്വാസയോഗ്യമായ തരത്തിൽ ഭക്ഷണവും വെള്ളവും കൊടുക്കുകയാണെങ്കിൽ ധാരാളം പക്ഷികൾ വരും. അത് എവിടുന്നൊക്കെയെന്ന് പറയാൻ കഴിയില്ല. ഏതൊക്കെ പക്ഷികൾ വരുമെന്നും പറയാൻ കഴിയില്ല. പിന്നെ കുറച്ചു കൂടി വലിയ പാത്രത്തിലാണ് വെള്ളം വയ്ക്കുന്നതെങ്കിൽ പക്ഷികൾ വന്ന് അതിൽ കുളിക്കാനും തുടങ്ങും. ഒരുകാര്യം ശ്രദ്ധിക്കേണ്ടത് ഇങ്ങനെ ചെയ്യാൻ തുടങ്ങിയാൽ കൃത്യമായി വെള്ളം ഇടയ്ക്കിടയ്ക്ക് മാറ്റിക്കൊണ്ടിരിക്കണം. കാരണം പക്ഷികൾക്ക് അസുഖം വരാതിരിക്കാൻ കൂടി നമ്മൾ ശ്രദ്ധിക്കണം. അൽപമൊന്ന് പരിശ്രമിച്ചാൽ മതി. നിങ്ങളുടെ സമയത്തിൽ ഒരു പതിനഞ്ച് മിനിറ്റ് നിങ്ങൾ മാറ്റി വച്ചാൽ മതി. ഇത് ചെയ്ത് വയ്ക്കുന്നത് നിങ്ങൾക്ക് മാറിയിരുന്ന് കാണാൻ കഴിയുന്നൊരു സ്ഥലത്തായിരിക്കണം. വളരെ ദൂരെ കൊണ്ട് വച്ചിട്ട് കാര്യമില്ല. നിങ്ങൾക്ക് കാണാൻ കഴിയുന്ന ദൂരത്തുള്ള സ്ഥലത്ത് ചെയ്തു വച്ചാൽ അത് വളരെ ഉപയോഗപ്രദവും, രസകരവുമായിരിക്കും. ഇപ്പോൾ തന്നെ ഇവിടെ ഇത്രയും പക്ഷികളുടെ ശബ്ദം കേൾക്കുന്നത് ഒരു പക്ഷെ ഈ ഭക്ഷണത്തിനുള്ള സാധ്യതയുള്ളതു കൊണ്ട് വരുന്ന പക്ഷികളായിരിക്കണം.