ഹിന്ദു ദിനപത്രത്തിൽ രണ്ടാഴ്ച മുൻപ് മിയാവാക്കി വനവത്കരണത്തെക്കുറിച്ച് ഒരു ലേഖനം വന്നു. ഇന്ത്യയിൽ അതുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഒരുപാട് പേരുടെ അഭിപ്രായങ്ങളും, മറ്റും ശേഖരിച്ച് പ്രസിദ്ധീകരിച്ചിരിക്കുകയാണ്. പക്ഷെ ആ ലേഖനത്തിന്റെ ഒരു പ്രശ്നം അതിന്റെ തുടക്കത്തിൽ ആളുകളുടെ ശ്രദ്ധ ആകർഷിക്കാനായി പത്രം സാധാരണ പ്രസിദ്ധീകരിക്കുന്ന ഒരു കുറിപ്പുണ്ടല്ലോ, അതിൽ ചോദിച്ചിരിക്കുന്നത് മിയാവാക്കി മാതൃക ആശാസ്യമാണോ എന്നാണ്. ആ മട്ടിലൊരു ചോദ്യമാണ് അതിൽ വന്നിരിക്കുന്നത്. കൃത്യം വാക്കുകൾ ഓർക്കുന്നില്ല. അത് അവസാനിച്ചിരിക്കുന്നത് എൻവയോൺമെന്റലിസ്റ്റായ ശ്രീ. പ്രദീപ് കൃഷന്റെ വാക്കുകളിലാണ്. അദ്ദേഹം പറയുന്നത് നമ്മുടെ എക്കോളജിക്ക് ചേരുന്നതല്ല മിയാവാക്കി മാതൃക എന്നാണ്.

ഇതിൽ ലേഖകന്റെ അഭിപ്രായം ഇല്ല. അദ്ദേഹത്തിന്റെ അഭിപ്രായം സ്വരൂപിക്കുന്നതിന് പകരം പലരുടെയും അഭിപ്രായങ്ങൾ വച്ചിരിക്കുകയാണ്. പക്ഷെ അദ്ദേഹം ലേഖനം അവസാനിപ്പിക്കുന്നത് ഇത് ശരിയല്ല എന്ന് വേറെ ഒരാളെകൊണ്ട് പറയിച്ചു കൊണ്ടാണ്. ഇതിന്റെ ഒരു അപകടം ദി ഹിന്ദു വളരെ അധികം ബഹുമാനിക്കപ്പെടുന്ന ഒരു പത്രമാണ്. ഞാൻ ദീർഘകാലമായി ഹിന്ദുവിലെ പരിസ്ഥിതി സംബന്ധമായ ലേഖനങ്ങൾ വായിക്കാറുണ്ട് അതിനോട് എനിക്ക് ഇഷ്ടമുണ്ട്. 40 വർഷം മുൻപ് കുട്ടനാടിനെ കുറിച്ച് ഒരു ലേഖനം വന്നു. കുട്ടനാട് ഒരു റൈസ് ബൗൾ ആണോ അതോ ഒരു പോയിസൺ ബൗൾ ആണോ എന്നായിരുന്നു അത്. വളരെ വിശദമായിട്ട്. നമ്മൾ ഹൈറേഞ്ചിലെ റബ്ബറിലൊഴിക്കുന്ന തുരിശും, രാസവളങ്ങൾ വരെ താഴെ കുട്ടനാട്ടിൽ എത്തുന്നു എന്ന് ചൂണ്ടികാട്ടുന്ന വളരെ വിശദമായ ലേഖനം. ഇത്തരം ലേഖനങ്ങൾ സ്ഥരിമായി പ്രസിദ്ധീകരിക്കുന്ന പത്രമാണ് ഹിന്ദു.

അതിൽ വന്ന ഈ ലേഖനത്തിൽ ചില അടിസ്ഥാന പ്രശ്നങ്ങളുണ്ട്. ഈ ലേഖനം വായിച്ചു കഴിഞ്ഞ ശേഷം ഒരു 15 പേരെങ്കിലും എന്നെ വിളിച്ചു. മിയാവാക്കി മാതൃക ശരിയല്ല എന്ന് ഹിന്ദുവിൽ പറഞ്ഞിരിക്കുന്നല്ലോ എന്നു ചോദിച്ചു. ഈ ലേഖനം വായിക്കുന്ന ഒരാൾക്ക് ഉണ്ടാകുന്ന തോന്നൽ മിയാവാക്കി മാതൃക ശരിയല്ല എന്നുള്ളതാണ്.

ഇതിൽ എനിക്ക് രസകരമായി തോന്നിയ രണ്ടു കാര്യങ്ങൾ. ഒന്ന്, ശ്രീ. പ്രദീപ് കൃഷൻ ഇതിലൊരു ഉദാഹരണം പറഞ്ഞിട്ടുണ്ട്. അദ്ദേഹം ഒരു ചലച്ചിത്രകാരനാണെന്നാണ് എന്റെ വിശ്വാസം. അദ്ദേഹം പണ്ട് ആനി (In Which Annie Gives It Those Ones) എന്നൊരു ചിത്രം സംവിധാനം ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ആദ്യ ചിത്രമാണ്. 1989 മറ്റോ ആണ്. രസമുള്ള ചെറിയ ഇംഗ്ലീഷ് ചിത്രമാണ്. അതിൽ ഒരാൾ തത്തയെ വളർത്തുന്ന കൂട്ടിലിട്ടു ഒരു കോഴിയെ വളർത്തുന്ന രംഗമുണ്ട്. ഒരു രംഗം അല്ല. ഹോസ്റ്റൽ മുറിയിൽ ഒരു വിദ്യാർത്ഥി കോഴിയെ പക്ഷിക്കൂട്ടിൽ ഇട്ടു വളർത്തുകയാണ്.

ഈ ലേഖനത്തിൽ പ്രദീപ് കൃഷൻ പറഞ്ഞ ഒരു ഉദാഹരണം ഉണ്ട്. മിയാവാക്കി മാതൃക എന്നു പറഞ്ഞാൽ, പോളാർ കരടിയെ കൊണ്ടു വന്നൊരു കോൺക്രീറ്റ് മുറിയിൽ ഐസ് നിറച്ച് വളർത്തുന്നതു പോലെ ആണെന്ന്. എനിക്ക് പെട്ടെന്ന് അദ്ദേഹത്തിന്റെ കോഴിയെ വളർത്തുന്ന രംഗമാണ് ഓർമ്മ വന്നത്. ഇതിൽ അദ്ദേഹം പറയുന്ന ഉദാഹരണം കേട്ടാൽ നമുക്ക് വളരെ ശരിയായി തോന്നും. ആഴത്തിൽ ഒന്ന് ആലോചിക്കണം. കാരണം പോളാർ കരടിയെ കൊണ്ടു വന്ന് കോൺക്രീറ്റ് മുറിയിൽ ഇടുന്ന പോലെ ആണോ മിയാവാക്കി മാതൃക?

ഒരു സ്ഥലത്തെ മണ്ണിളക്കി അവിടെ ആവശ്യമുള്ള ജൈവവളങ്ങൾ ചേർത്ത്, ഒരു തരത്തിലും ഉള്ള കീടനാശിനിയും ഉപയോഗിക്കാതെ അവിടെ പ്രാദേശികമായി വളരുന്ന സസ്യങ്ങളെ മാത്രം തെരെഞ്ഞെടുത്ത് വളർത്താനാണ് പ്രൊഫസർ മിയാവാക്കി പറഞ്ഞിരിക്കുന്നത്. ആകെയുള്ള വ്യത്യാസം ചെടികളുടെ എണ്ണം കൂടുതൽ ആയിരിക്കും. ഒരു സ്ക്വയർ മീറ്ററിൽ, 2 മുതൽ 9 വരെയാണ് മിയാവാക്കി മാതൃകയിൽ പറയുന്നത്. ജപ്പാനിൽ 3 ആണ് ഏറ്റവും ഐഡിയൽ എന്നു അവർ കണ്ടു പിടിച്ചു. ഞങ്ങൾക്കിവിടെ നാലാണ് ഏറ്റവും കൂടുതൽ വളർച്ച. ഈ വളർച്ച കൂടുന്നു എന്നത് മാത്രമാണ് അതിൽ വരുന്നത്. അത് കൃത്രിമമാണോ ?

അത് കൃത്രിമമാണെങ്കിൽ നമ്മുടെ ഈ പ്ലാവിന്റെയും എല്ലാം ചുവട്ടിൽ ചക്ക പഴുത്തു വീഴുമ്പോൾ പത്ത് നൂറ് പ്ലാവിൻ തൈ കിളിർക്കും അതിൽ അർഹത ഉള്ളത് അതിജീവിക്കും ബാക്കിയുള്ളത് പോകും. ആ തത്വമാണ് ഇവിടെയും അദ്ദേഹം ചെയ്തിരിക്കുന്നത്. കുറച്ച് വ്യത്യാസം വരുത്തിയിട്ടുണ്ട്. ഇല്ല എന്നു പറയുന്നില്ല. അങ്ങനെ വളർത്തിയിരിക്കുന്നതു കൊണ്ടാണ് അതിന് ആ സ്വാഭാവിക വളർച്ച കിട്ടിയിരിക്കുന്നത്. പോളാർ കരടിയെ കൊണ്ടു വന്ന് ഒരു കോൺക്രീറ്റ് മുറിയിൽ ഐസിട്ട് വളർത്തുന്നതിന് തുല്യമാണോ നമ്മൾ മണ്ണിൽ ചെടികൾ നട്ടു വളർത്തുന്നത്. കാരണം ഒന്നിൽ ആകെ ഉള്ള ജൈവവസ്തു കരടിയാണ്. ഇത് പൂർണമായും ജൈവമായ അന്തരീക്ഷത്തിൽ ജൈവികമായ കാര്യങ്ങളാണ് ചെയ്യുന്നത്. അപ്പോൾ ആ ഉദാഹരണം തന്നെ തെറ്റാണ്. പക്ഷെ കേൾക്കുമ്പോൾ ശരിയാണെന്നു തോന്നുന്ന തരത്തിൽ വളരെ സമർത്ഥമായ ഉദാഹരണമാണ് അവിടെ വച്ചിരിക്കുന്നത്.

രണ്ടാമത്തെ കാര്യം നാച്ചുറൽ വേ എന്നു പറയുന്നുണ്ട്, നാച്ചുറലിസ്റ്റുകൾ എന്നൊരു പ്രയോഗമുണ്ട്. ആരാണ് നാച്ചുറലിസ്റ്റ് ? മിയാവാക്കി മാതൃക പിൻതുടരുന്ന ആളുകളെല്ലാം, നാച്ചുറൽ മാതൃകയ്ക്ക് എതിരാണ് അല്ലെങ്കിൽ മിയാവാക്കി മാതൃക നാചുറൽ മാതൃക അല്ല എന്നാണിതിലെ ധ്വനി. നമുക്കറിയാം ഭൂമിയിൽ കാട് ഉണ്ടായത് കോടാനുകോടി വർഷങ്ങൾ കൊണ്ടാണ്. നാച്ചുറൽ മാതൃക എന്നു പറഞ്ഞാൽ നമ്മൾ ആരും കോടാനുകോടി വർഷം ജീവിച്ചിരിക്കുന്നില്ല. 50 വർഷം ജീവിച്ചിരിക്കുന്ന ഒരാൾ പറയുകയാണ്, ഞാൻ നാച്ചുറലിസ്റ്റ് ആണ് ഞാൻ നാച്ചുറൽ മാതൃകയിലൂടെ കാട് ഉണ്ടാക്കുകയാണ് എന്ന്. 50 വർഷം കൊണ്ട് ലോകത്ത് ഒരിടത്തും നാച്ചുറൽ മാതൃകയിൽ കാട് ഉണ്ടായിട്ടില്ല.

ഞാൻ 50 വർഷം എന്നു പറഞ്ഞത് ഒരാളുടെ പ്രവർത്തികാലമാണ്. പിറക്കുന്ന കാലം തൊട്ട് ഒരാൾ മരം കുഴിച്ചു വയ്ക്കില്ലല്ലോ. 50-----100 വർഷം ഭൂമിയിൽ ജീവിക്കുന്ന ഒരാൾ, അയാൾക്ക് നാച്ചുറൽ മാതൃകയിലൂടെ കാട് ഉണ്ടാക്കുന്നു എന്നു പറഞ്ഞാൽ അത് തമാശയായി മാത്രമേ എടുക്കാനാവൂ. നാച്ചുറൽ മാതൃകയിൽ കാടു ഉണ്ടാക്കുകയാണെങ്കിൽ അയാൾ അതിൽ ഇടപെടാതിരിക്കുക, പ്രകൃതി തന്നെത്താനെ പാറപൊടിച്ച് മണ്ണാക്കി അവിടെ മഴത്തുള്ളി വീണ്, വിത്ത് വീണ് തന്നെത്താനെ ഉണ്ടായി വരണം.

ഇത് നമ്മളൊരു മരത്തിന്റെ വിത്ത് വലിച്ചെറിഞ്ഞിട്ട് പോയിട്ട് നാച്ചുറൽ ആണെന്നു പറഞ്ഞാൽ പോലും - വലിച്ചെറിയൽ എന്നത് വിതയ്ക്കൽ ആണ്. അല്ലെങ്കിൽ വെട്ടും കിളയും ഇല്ലാതെ ആണ് ഫുകുവോകയുടെ കൃഷി രീതി. നമ്മൾ ചെയ്യുന്ന എല്ലാ വനവത്കരണ രീതിയിലും ഒരു തരത്തിലുള്ള കൃഷി രീതി കാണും. കൃഷി രീതി എന്നു പറഞ്ഞാൽ തന്നെ നാച്ചുറൽ അല്ലാത്ത സംഗതി ആണ്. അപ്പോൾ കുറെ ആളുകൾ ഞങ്ങൾ നാച്ചുറൽ ആണ് നിങ്ങൾ നാച്ചുറൽ അല്ല എന്നമട്ടിൽ പറയുന്നത്- അതിൽ തെറ്റൊന്നും ഇല്ല, ആളുകൾക്ക് പറയാം, പക്ഷെ മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാൻ പാടില്ല എന്നുള്ളതാണ് എന്റെ ഒരു വാദം.

മിയാവാക്കി മാതൃകയെ കുറിച്ച് കൂടുതൽ വിശദമായി പറയാത്തത്, അതിനെക്കുറിച്ച് എല്ലാം ആ ലേഖനത്തിൽ തന്നെ പറയുന്നുണ്ട്. പക്ഷെ പറഞ്ഞ് വച്ചിരിക്കുന്നത് ശരിയല്ല എന്നുള്ളതാണ് ഞാൻ കാണുന്ന ഒരു പ്രശ്നം. മിയാവാക്കി മാതൃകയെക്കുറിച്ച് പറയുമ്പോൾ മിയാവാക്കി മാതൃകയെ തന്നെ രണ്ടായി കാണാം. അമ്പതോ നൂറോ സ്ക്വയർഫീറ്റ് സ്ഥലത്ത് ഒരാൾ, ചെടി വയ്ക്കുന്നതിതിനെ നമ്മൾ മിയാവാകി ഫോറസ്റ്റ് എന്ന് പറയുമ്പോൾ സത്യത്തിൽ അതൊരു ചെടിക്കൂട്ടമാണ്. നമ്മുടെ ഒരു സർപ്പക്കാവ് പോലെയോ, സർപ്പക്കാവിനെ ആരും നിത്യഹരിത വനം എന്നു വിളിക്കാറില്ല. അത് ഒരു ചെടിക്കൂട്ടമാണ്. ഇത് ഒരു ടെക്നിക് ആണ്. ഇത് ഉപേയാഗിച്ച് നിങ്ങൾ 50 ഏക്കറിലോ 5 ഏക്കറിലോ മരം വയ്ക്കുമ്പോൾ അതൊരു കാടായി മാറും. ഏരിയ കൂടുന്നതിന് അനുസരിച്ച് അത് കാടാവാനുള്ള സാധ്യതയും കൂടുന്നു. എന്നു വച്ച് നമ്മൾ ഈ ചെറിയ കാര്യങ്ങളെ പ്രകൃതിവിരുദ്ധം എന്നു പറഞ്ഞ് മാറ്റി നിർത്തേണ്ട കാര്യമുണ്ടോ?

ഇവിടെ എന്താ നടന്നു കൊണ്ടിരിക്കുന്നത്. എല്ലാ സ്ഥലവും വെട്ടിത്തെളിച്ച് അവിടെ വെള്ളം മണ്ണിൽ താഴാത്ത തരത്തിലാക്കി വിദേശ ചെടികളെയും വിദേശ പട്ടികളെയും മറ്റും വളർത്തി നമ്മൾ ആ പ്രകൃതിയെ മൊത്തം ഇല്ലാതാക്കുന്ന സാഹചര്യമാണ്. അതിനിടയ്ക്ക് കുറെ ആളുകളെങ്കിലും മുന്നോട്ടു വന്ന് 50 സ്ക്വയർഫീറ്റെങ്കിലും, അത് ചെയ്യാൻ തയ്യാറാകുമ്പോ അവരെ നിരുത്സാഹപ്പെടുത്തേണ്ട കാര്യം ഉണ്ടോ. അവരെ നമ്മൾ കൺഫ്യൂഷനിലാക്കണോ. ഇത് പ്രകൃതിവിരുദ്ധമാണ്, യഥാർത്ഥത്തിലുള്ളത് ഞങ്ങൾ കാണിച്ചു തരാം. എന്താണ് 50 സ്ക്വയർഫീറ്റിൽ നിങ്ങൾ ചെയ്യാൻ പോകുന്ന യഥാർത്ഥ മാതൃക എന്നൊന്ന് പറയാമോ ? അങ്ങനെ ഒരു കാട് എവിടെയെങ്കിലും ഉണ്ടാകുമോ ? അമ്പത് സ്ക്വയർഫീറ്റിൽ ചെയ്യുന്നത് ചെയ്യട്ടേ എന്നു വിചാരിക്കുക.

ഞാൻ വേറെ ഒരു ഉദാഹരണം ചോദിക്കാം. ഒരു അപകടം പറ്റി എന്റെ രണ്ടു കാലും മുറിഞ്ഞു പോയി എന്നു വിചാരിക്കുക. ഒരാൾ പറയുകയാണ് നാച്ചുറലായി കാലു വളരാൻ ഒരു മാർഗ്ഗം ഉണ്ട് ഞങ്ങളത് ഗവേഷണം നടത്തുകയാണ്. അത് ശരിയായാൽ നിങ്ങൾക്ക് തരാം, എന്നു പറഞ്ഞാൽ കാൽ ഇല്ലാത്ത ആളിന് അങ്ങനെ ഇരിക്കുന്നതാണോ, അതോ രണ്ടു കൃത്രിമ കാൽ മേടിച്ച് വയ്ക്കുന്നതാണോ സൗകര്യം. എന്നു പറയുന്നതു പോലെ ആണിത്. നമ്മൾ പ്രകൃതി ദുരന്തങ്ങളുടെ പടിവാതിൽക്കൽ നിൽക്കുകയാണ്. ഇന്നു മഴയാണ്, ഇന്നലെ തിരുവനന്തപുരത്ത് മഴയാണ്. ബംഗാൾ ഉൾക്കടലിൽ താപനിലയിൽ ഉണ്ടായ മാറ്റമാണ് ഇതൊക്കെ എന്നു നമ്മൾ വായിച്ചു കൊണ്ടിരിക്കുകയാണ്. ഇങ്ങനെ ഉള്ളത് ഒരു വശത്ത് കൂടി വരുന്നു. 2030 ആകുമ്പോൾ കാർബൺ ഇത്ര കുറയ്ക്കാൻ പറ്റണം എന്നൊക്കെ നമ്മൾ പറയുന്നു. 2050 ആകുമ്പാ ഇത്രയാകും, 2100 ആകുമ്പോ നമ്മുടെ കൈവിട്ടു പോകും എന്നു പറയുന്നു. അതിനെതിരെ ഇത് ചെയ്യു അത് ചെയ്യു എന്ന് കുറെ കാര്യങ്ങൾ പറയുന്നുണ്ട്. അതിൽ സാധാരണ മനുഷ്യൻ അവന്റെ വീട്ടുമുറ്റത്ത് ഇരുന്ന് ചെയ്യാവുന്ന കാര്യമാണ്, മരം വയ്ക്കൽ.

മരം വച്ചോട്ടെ അതുകൊണ്ട് എന്ത് തടസ്സം ഉണ്ടാകാനാണ്. ഇത് പ്രകൃതിവിരുദ്ധമാണ്, യഥാർത്ഥ രീതി ഞങ്ങൾ കാണിച്ചു തരാം, എന്നൊക്കെ പറയുമ്പാൾ ഈ യഥാർത്ഥ രീതിയുടെ പിതൃത്വം അവകാശപ്പെടുന്നവർ എന്താണ് യഥാർത്ഥരീതി എന്നുകൂടി പറയണം. ആരാണ് അവരെ യഥാർത്ഥരീതിയുടെ ആൾക്കാർ ആക്കിയെതെന്നും പറയണം. നമുക്ക് അറിയാവുന്ന യഥാർത്ഥ രീതി കോടാനുകോടി വർഷം കൊണ്ട് ഇവിടെ കാട് ഉണ്ടാകുന്നതാണ്. അതിനെ മനുഷ്യൻ നശിപ്പിച്ച് നാനാവിധമാക്കിയിരിക്കുകയാണ്. ഏകവിള ആക്കിയിരിക്കുന്ന സ്ഥലങ്ങളെ കുറച്ചെങ്കിലും തിരിച്ച് ബഹുവിള ആക്കുകയാണെങ്കിൽ, അത് വലിയ ഒരു കാര്യമാണ് എന്നാണ് എനിക്ക് തോന്നുന്നത്.

രണ്ടാമത്തെ കാര്യം, നമ്മളീ കോൺക്രീറ്റ് വനങ്ങളിൽ താമസം ആക്കിയ ശേഷം- നമ്മുടെ പ്രധാന കോർപ്പറേറ്റുകെളൊക്കെ കോടിക്കണക്കിന് സ്ഥലമാണ് കോൺക്രീറ്റ് ആക്കി മാറ്റുന്നത്. അവരൊക്കെ കുറച്ചെങ്കിലും മരം അതിനു ചുറ്റും വയ്ക്കുകയാണെങ്കിൽ, ഈ ചിത്രശലഭങ്ങളെയും മിന്നാമിനുങ്ങുകളെയെല്ലാം കുറച്ചുകാലം കൂടി നമുക്ക് കാണാൻ കഴിയില്ലേ, അതിനൊരു പ്രസക്തി ഇല്ലേ? അത്രയെങ്കിലും ഇതിൽനിന്ന് നമ്മൾ പ്രതീക്ഷിച്ചാൽ പോരെ ? അല്ലാതെ ഹിമാലയത്തിന്റെ താഴെ പതിനായിരം ഏക്കർ വനം സൃഷ്ടിക്കാമെന്നോ, ഇത് പ്രകൃതിയ്ക്ക് വല്യ കുഴപ്പം ഉണ്ടാക്കുന്ന സാധനം അല്ലെന്നോ ആണെന്നോ പറയുന്നതിലും നല്ലത് ഓരോ കാര്യവും നടക്കുന്ന തരത്തിലെങ്കിലും നടക്കട്ടെ എന്നു പറയുന്നതല്ലേ ?

മിയാവാക്കി മാതൃകയെ പറയുന്നിടത്ത് ഈ ലേഖനത്തിൽ തന്നെ പറയുന്ന ഒരു കാര്യം ഉണ്ട്, പ്രശ്നം മിയാവാക്കി മാതൃകയുടേതല്ല. മിയാവാക്കി മാതൃക നടപ്പിലാക്കുമ്പോൾ ഉണ്ടാകുന്ന വീഴ്ചയുടേതാണ്. ആ വീഴ്ചകൾ ഒഴിവാക്കുമ്പാൾ അത് കൂറെക്കൂടി ശാസ്ത്രീയമാകും. ഒന്നുകിൽ ശാസ്ത്രീയതയോടു അടുത്തു നിൽക്കും അല്ലെങ്കിൽ നാച്ചുറലിസത്തിനോട് അടുത്ത് നിൽക്കും, എന്നൊക്കയാണ് അതിൽ പറയുന്നത്. അത് പോട്ടെ.. പക്ഷെ ഈ അമ്പതു സ്ക്വയർഫീറ്റുകാരൻ എന്തു വീഴ്ച വരുത്തിയാലും, പത്തു മരം കുഴിച്ചു വയ്ക്കുന്നത് വല്യകാര്യം ആണെന്നാണ് എന്റെ വാദം. കുറെ പേർ എതിർക്കുമായിരിക്കും.

സ്വാഭാവികമായും അവർക്ക് എതിർക്കാനുള്ള അവകാശം ഉണ്ട്. എനിക്ക് തോന്നുന്നത്, അടുത്ത് കുറെ വർഷങ്ങൾക്കകം നമ്മൾ നേരിടേണ്ടി വരുന്ന വല്യ പ്രശ്നമാണ് ആഗോള താപം. അപ്പോ അതിനെതിരെയുള്ള എത്ര ചെറിയ പരിശ്രമത്തെയും അംഗീകരിക്കേണ്ടതാണ്. വൻതോതിൽ നിങ്ങൾ നാച്ചുറലായി കാട് ഉണ്ടാക്കിക്കോളു. പക്ഷെ അതു വരെ ഈ നഗരങ്ങളിലുള്ള ചെറിയ കാടുകളെ ഒഴിവാക്കണം അത് ശാസ്ത്രീയമല്ല എന്ന് പറയുന്നത് തെറ്റാണ്. മിനിമം നമ്മൾ ഈ പ്രാണികളെയും ചിത്രശലഭങ്ങളെും എങ്കിലും കണക്കിലെടുക്കണം. അവയ്ക്കു ജീവിക്കാനുള്ള ഒരു ആവാസവ്യവസ്ഥയായിട്ടെങ്കിലും കാണണം. കാട്ടുപോത്തും ആനയും ഒന്നും വന്ന് നഗരത്തിലെ 5 സെന്റിലോ 50 സെന്റിലോ താമസിക്കാൻ പോകുന്നില്ല. ഇവിടെ ഉള്ള ഇപ്പോഴുള്ള പ്രാണികളെ എങ്കിലും നിലനിർത്താനുള്ള ഒരു ശ്രമം നമ്മൾ ചെയ്യണം. ഇത്തരം ലേഖനം വരുമ്പോൾ ഒന്നുകിൽ കൃത്യമായിട്ടൊരു അഭിപ്രായം പറയണം. അല്ലാതെ പലരുടെയും അഭിപ്രായം കൊടുത്ത് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാക്കി മാറ്റാനും പാടില്ല.