കാടുകള്‍

മൂന്നാറിലെ മിയാവാക്കി വനം

സ്ഥലം
മൂന്നാര്‍
Type Forest
Wild Forests
വിസ്തീര്‍ണ്ണം
204.3 sq m
സസ്യങ്ങളുടെ എണ്ണം
700
തീയതി
28-02-2018

കേരളത്തിലെ പ്രമുഖ സുഖവാസകേന്ദ്രങ്ങളില്‍ ഒന്നായ മൂന്നാര്‍ സ്വാഭാവിക വനങ്ങളാല്‍ അനുഗ്രഹീതമാണ്. എങ്കിലും വര്‍ഷങ്ങള്‍ കഴിയുന്തോറും ഇവിടുത്തെ വനമേഖല ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതിനുളള പ്രതിവിധിയായി  കള്‍ച്ചര്‍ ഷോപ്പിയും നമ്മുടെ ടീമും ചേര്‍ന്ന് മൂന്നാറിനടുത്ത് ശാന്തന്‍പാറയില്‍ ഒരു സൂക്ഷ്മവനം നിര്‍മ്മിക്കുകയുണ്ടായി. പരിസ്ഥിതി സൗഹാര്‍ദ, പൈതൃക, കരകൗശല ഉത്പന്നങ്ങളുടെ വിപണന സ്ഥാപനമാണ് കള്‍ച്ചര്‍ ഷോപ്പി.

ശാന്തന്‍പാറ കാടിന്‍റെ കഥ
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന്‍റെ കണക്കനുസരിച്ച് 1973 മുതല്‍ 2016 ഡിസംബര്‍ വരെ കേരളത്തിനു നഷ്ടമായത് 9,06,440 ഹെക്ടര്‍ വനഭൂമിയാണ്. ഇതില്‍ മൂന്നാറിനാണ് കനത്ത നഷ്ടമുണ്ടായിട്ടുളളത്. സ്വാഭാവിക വനഭൂമി പുതിയ തേയില, സുഗന്ധ വ്യഞ്ജനത്തോട്ടങ്ങളായി മാറിക്കൊണ്ടിരുന്നു. തോട്ടങ്ങള്‍ നല്ലതു തന്നെയാണെങ്കിലും അവയൊരിക്കലും ആ സ്ഥലത്തെ സ്വാഭാവികവനത്തിനു പകരമാവില്ല. ഈ വസ്തുതകളും കണക്കുകളുമാണ് കള്‍ച്ചര്‍ ഷോപ്പിയുടെ ഉടമസ്ഥതയിലുളള ഭൂമിയില്‍ ഒരു ചെറുവനം ഉണ്ടാക്കാന്‍ ഞങ്ങളെ പ്രേരിപ്പിച്ചത്.

സ്ഥലം
മൂന്നാറില്‍ നിന്ന് 39 കിലോമീറ്റര്‍ അകലെ മൂന്നാര്‍ - കുമളി (തേക്കടി - പെരിയാര്‍) റോഡിലാണ് ശാന്തന്‍പാറയിലെ ഈ സ്ഥലം.

എന്തുകൊണ്ട് മിയാവാക്കി മാതൃക ?
പ്രശസ്ത പരിസ്ഥിതിവാദിയായ പ്രഫ. (ഡോ) അകിര മിയാവാക്കി രൂപകല്‍പ്പന ചെയ്തതാണ് മിയാവാക്കി മാതൃക വനവത്കരണം. ഏതു തിരക്കേറിയ നഗരത്തിലും ആര്‍ക്കും വളര്‍ത്തിയെടുക്കാവുന്ന സൂക്ഷ്മവന മാതൃകയാണിത്. അദ്ദേഹത്തിന്‍റെ കണ്ടെത്തല്‍ അനുസരിച്ച് നാടന്‍ ചെടികളാണ് നടുന്നതെങ്കില്‍ കാടിന്‍റെ വളര്‍ച്ച വേഗത്തിലായിരിക്കും. ഒരു സ്വാഭാവികവനം തനിയെ രൂപപ്പെടാന്‍ നൂറു വര്‍ഷം വേണ്ടിടത്ത് മിയാവാക്കി മാതൃകയിലുളള വനം പത്തുവര്‍ഷം കൊണ്ട് പൂര്‍ണമായ ആവാസവ്യവസ്ഥ കൈവരിച്ച കാടായി മാറും. നമ്മുടെ നിലവിലുളള സ്വാഭാവിക വനവിസ്തൃതി ഗണ്യമായ തോതില്‍ കുറഞ്ഞുവരികയും പകരം വെയ്ക്കാന്‍ ഭൂമി ഇല്ലാതാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ മിയാവാക്കി മാതൃക തരുന്ന പ്രതീക്ഷ ചെറുതല്ല. ഏതു പ്രതികൂല ഭൂപ്രകൃതിയിലും എത്ര ചെറിയ വിസ്തൃതിയിലും ഈ മാതൃക വിജയമാകുന്നു എന്നുളളതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.

ഭൂപ്രകൃതി: ഏലത്തോട്ടത്തിനു നടുവില്‍ 2200 ചതുരശ്ര അടിയിലാണ് ഈ ചെറുവനം സ്ഥിതി ചെയ്യുന്നത്.

നേരിട്ട വെല്ലുവിളികളും പരിപാലനവും
ഉയരം കൂടിയ മലമ്പ്രദേശങ്ങളില്‍ ചിലയിനം സസ്യകുടുംബത്തില്‍ പെട്ടവ മാത്രമേ വളരുകയുളളൂ. ചെരിഞ്ഞ ഭൂപ്രദേശത്തെ മണ്ണില്‍ ഈര്‍പ്പം നിലനിര്‍ത്തുക ബുദ്ധിമുട്ടാണ്.  മരക്കൊമ്പുകള്‍ കോതി പുതയിടുന്നത് വെളളമൊഴുകിപ്പോകുന്നതിന്‍റെ വേഗത കുറഞ്ഞ് മണ്ണില്‍ വെളളമിറങ്ങാന്‍ സഹായിക്കും. തൈകള്‍ക്ക് വെളളം ലഭിക്കുന്നു എന്നുറപ്പാക്കാന്‍ സൂക്ഷ്മ ജലസേചന മാര്‍ഗങ്ങള്‍ ഉപയോഗിച്ചു.

വിഡിയോകള്‍

ചിത്രങ്ങള്‍